Wednesday, May 8, 2024
keralaNews

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ അഭിഭാഷകര്‍ ആരോപിക്കുന്നത്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ശ്രമിച്ചുവെന്ന കേസില്‍ ദിലീപിന് വേണ്ടി അഡ്വ. ബി രാമന്‍ പിള്ളയാണ് ഹാജരായിരിക്കുന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പ്രോസിക്യൂഷന്‍ കെട്ടിയിറക്കിയ സാക്ഷിയാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വാദിക്കുന്നു. വിചാരണക്കോടതിയില്‍ നിന്ന് കേസ് കൈവിട്ട് പോകുമെന്ന് സൂചന കിട്ടിയപ്പോള്‍ ഇല്ലാത്ത സാക്ഷികളെ സൃഷ്ടിച്ച് കേസ് വഴി തിരിച്ച് വിടാനാണ് പ്രോസിക്യൂഷന്‍ ശ്രമിക്കുന്നത്. വിചാരണ അനാവശ്യമായി നീട്ടിക്കൊണ്ട് പോകാനാണ് പ്രോസിക്യൂഷന്‍ ഇപ്പോള്‍ ശ്രമം നടത്തുന്നത്.                                                    വിചാരണക്കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വിസ്തരിക്കാനിരിക്കുകയാണ്. ഇത് എങ്ങനെയെങ്കിലും നീട്ടാനാണ് പ്രോസിക്യൂഷന്‍ ശ്രമമെന്നും ദിലീപിന്റെ അഭിഭാഷകര്‍ ആരോപിക്കുന്നു. വെറുതെ വാക്കാല്‍ പറഞ്ഞാല്‍ അത് ഗൂഢാലോചനയാകുമോ എന്ന് ചോദിച്ച കോടതിയുടെ പരാമര്‍ശത്തിന്റെ ചുവട് പിടിച്ച്, ശാപവാക്കുകള്‍ പറയുന്നത് ക്രിമിനല്‍ കുറ്റമാകില്ലെന്നാണ് പ്രതിഭാഗം വാദിക്കുന്നത്.ബാലചന്ദ്ര കുമാറിന്റെ മൊഴിയും ഗൂഢാലോചനാ കേസിലെ എഫ്‌ഐആറും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് പ്രതിഭാഗം വാദിക്കുന്നു. മൊഴിയില്‍ പറഞ്ഞ പലതും എഫ്‌ഐആറില്‍ ഇല്ല എന്ന് അഡ്വ. രാമന്‍ പിള്ള ചൂണ്ടിക്കാട്ടുന്നു.                                                                                                                       യൂട്യൂബ് കണ്ട ശേഷം പറഞ്ഞ ശാപവാക്കുകള്‍ എങ്ങനെ കൊലപാതക ഗൂഢാലോചനക്കേസായി മാറും എന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ ചോദിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന്റെ പുതിയ മൊഴി പ്രകാരം അദ്ദേഹത്തെ ട്രക്ക് ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചു എന്നാണ്. അത് പുതുതായി പ്രോസിക്യൂഷന്‍ വ്യാജമായി ഉണ്ടാക്കിയ ആരോപണമാണെന്നും ദിലീപ് ആരോപിക്കുന്നു. എന്തും പറയാന്‍ തയ്യാറായ സാക്ഷിയാണ് ബാലചന്ദ്രകുമാര്‍. ഇവര്‍ അനുഭവിക്കും എന്ന് പറഞ്ഞത് മാത്രമാണ് ബാലചന്ദ്രകുമാര്‍ നല്‍കിയ വോയ്‌സ് ക്ലിപ്പിലുള്ളത്. ബാക്കിയെല്ലാം ഗൂഢാലോചന, പ്രേരണാ കുറ്റങ്ങള്‍ ചുമത്താനായി കെട്ടിച്ചമച്ചതാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ ആരോപിക്കുന്നു.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി ഹാജരായതും ബി.രാമന്‍ പിള്ള അസോസിയേറ്റ്‌സ് ആയിരുന്നു.