Monday, May 20, 2024
keralaNews

ദിലീപ് കേസ്; സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം നടത്തിയെന്നത് അതീവഗുരുതരമായ കാര്യമാണ്; കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ശ്രമിച്ചുവെന്ന കേസില്‍ പ്രതിയെ കസ്റ്റഡിയിലെടുക്കേണ്ടതില്ല എന്ന് നിങ്ങളെങ്ങനെ പറയുമെന്ന് പ്രതിഭാഗം അഭിഭാഷകരോട് ഹൈക്കോടതി. കേസിലെ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം നടത്തിയെന്നത് അതീവഗുരുതരമായ കാര്യമാണെന്ന് കോടതി നിരീക്ഷിക്കുന്നു. പുതിയ കേസില്‍ എന്തെല്ലാം തെളിവുകളാണുള്ളതെന്ന് പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കുന്നു.കേസന്വേഷിക്കാന്‍ പൊലീസിന് അധികാരമുണ്ട്, എന്നാല്‍ പ്രതികളെ കസ്റ്റഡിയില്‍ ആവശ്യമുണ്ടോ എന്നതാണ് ചോദ്യമെന്നും അതാണ് പ്രധാനമായും പരിശോധിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കുന്നു. ജസ്റ്റിസ് പി ഗോപിനാഥിന്റെ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.വെറുതെ ഒരാളെ കൊല്ലുമെന്ന് പറഞ്ഞാല്‍ അത് ഗൂഢാലോചനയാകുമോ രാവിലെ കേസ് പരിഗണിച്ചപ്പോള്‍ എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. അതിലേക്ക് നയിക്കുന്ന പ്രവൃത്തി എന്തെങ്കിലും ഉണ്ടായാലല്ലേ അതില്‍ കൊലപാതകത്തിനുള്ള ഗൂഢാലോചനയെന്ന കുറ്റം തെളിയിക്കാനാകൂ എന്നും കോടതി ആരാഞ്ഞു.
എന്നാല്‍ കൊല്ലുമെന്ന് വാക്കാല്‍ വെറുതെ ദിലീപ് പറഞ്ഞതല്ല, അതിലേക്ക് നയിക്കുന്ന പ്രവൃത്തികള്‍ ചെയ്തിട്ടുണ്ടെന്നും, അതിനുള്ള തെളിവുകള്‍ തങ്ങളുടെ പക്കലുണ്ട് എന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ആലുവയിലെ ‘പത്മസരോവരം’ എന്ന വീട്ടില്‍ വച്ച് അന്വേഷണ ഉദ്യോഗസ്ഥരായ ബി സന്ധ്യ ഐപിഎസ്, ഡിവൈഎസ്പി സോജന്‍, ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജ് എന്നിവരെ കൊല്ലുമെന്നും കൈ വെട്ടുമെന്നും ദിലീപ് പറയുന്നത് കേട്ടുവെന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസില്‍ കൂടുതല്‍ അന്വേഷണം തുടങ്ങിയത്. ഇതിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തി, കൊലപ്പെടുത്താന്‍ ശ്രമം നടത്തി എന്നീ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി ദിലീപിനെതിരെ കൂടുതല്‍ കേസുകള്‍ ചുമത്തുകയും ചെയ്തു. ഇന്നലെ ഈ കേസ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നതാണ്. എന്നാല്‍ കൂടുതല്‍ സമയമെടുത്ത് വാദം കേള്‍ക്കേണ്ട കേസായതിനാല്‍ ഇതിന് പ്രത്യേക സിറ്റിംഗ് അനുവദിക്കുന്നതായി ജസ്റ്റിസ് ഗോപിനാഥ് വ്യക്തമാക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ന് രാവിലെ പത്തേകാലിനാണ് കേസില്‍ പ്രത്യേക സിറ്റിംഗ് തുടങ്ങിയത്.                                             നിര്‍ണായകമായ വാദങ്ങളാണ് ഇന്ന് ഹൈക്കോടതിയില്‍ നടക്കുന്നത്. ഹൈക്കോടതിയില്‍ നിന്ന് അനുകൂലവിധിയുണ്ടാവുകയും ദിലീപിന്റെ മുന്‍കൂര്‍ ജാമ്യം തള്ളുകയും ചെയ്താല്‍ അറസ്റ്റുള്‍പ്പടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങാനിരിക്കുകയാണ് ക്രൈംബ്രാഞ്ച്. നിര്‍ണായകമായ തെളിവുകള്‍ ഗൂഢാലോചന ഉള്‍പ്പടെ ഉള്ള കുറ്റങ്ങള്‍ക്ക് ക്രൈംബ്രാഞ്ചിന് ലഭിച്ചുവെന്നാണ് സൂചന. ‘പത്മസരോവരം’ എന്ന ദിലീപിന്റെ വീട്ടിലും, സഹോദരന്‍ അനൂപിന്റെ വീട്ടിലും, ചിറ്റൂര്‍ റോഡിലുള്ള ‘ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ്’ എന്ന ദിലീപിന്റെയും അനൂപിന്റെയും നിര്‍മാണക്കമ്പനിയിലും അടക്കം നടത്തിയ റെയ്ഡുകളില്‍ നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചുവെന്നാണ് കൊച്ചി ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നത്.