Friday, May 17, 2024
keralaNews

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല. പ്രോസിക്യൂഷന്റെ ഹര്‍ജി വിചാരണ കോടതി തള്ളി. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. കേസിലെ എട്ടാം പ്രതിയായ ദിലീപ് പ്രധാന സാക്ഷികളായ വിപിന്‍ ലാല്‍, ജിന്‍സന്‍ എന്നിവരെ ഭീഷണിപ്പെടുത്തി മൊഴി അനുകൂലമാക്കാന്‍ ശ്രമിച്ചെന്നും വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ ജാമ്യം റദ്ദാക്കണം എന്നുമായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യം.എന്നാല്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മൊഴിമാറ്റിക്കാന്‍ ശ്രമമുണ്ടായെന്ന് പറയുന്ന സാക്ഷികള്‍ ഒക്ടോബറില്‍ മാത്രമാണ് പരാതിപ്പെട്ടതെന്നും ഇത് സംശയാസ്പദമാണെന്നുമാണ് ദിലീപ് കോടതിയില്‍ വാദിച്ചത്. പരാതി ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും തെളിവ് കണ്ടെത്താന്‍ ആയിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ ഹര്‍ജി തള്ളണമെന്നും ദിലീപ് വാദിച്ചു. ഇത് കൂടി പരിഗണിച്ചാണ് നടപടി.കേസില്‍ ചൊവ്വാഴ്ച വിധി പറയാന്‍ തീരുമാനിച്ചിരുന്നെങ്കിലും കോടതി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്നേക്ക് മാറ്റി വെക്കുകയായിരുന്നു. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി വിശദമായ വാദമാണ് കേട്ടത്. കേസിലെ പ്രധാന സാക്ഷിയെ അഭിഭാഷകന്‍ വഴി ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. 100 സാക്ഷികളെ വിസ്തരിച്ചിട്ടും ആരും ദിലീപിനെതിരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പരാതിപ്പെട്ടിട്ടില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നു. ഇത്തരം വാദങ്ങള്‍ മുഖവിലക്കെടുത്താണ് കോടതി പ്രോസിക്യൂഷന്റെ ഹര്‍ജി തള്ളിയത്.