Tuesday, May 14, 2024
keralaNews

ശ്രീ പദ്മനാഭസ്വാമിയ്ക്ക് ഇന്ന് ശംഖുമുഖത്ത് ആറാട്ട്.

ഭക്തിസാന്ദ്രമായി ശ്രീ പദ്മനാഭസ്വാമിക്ഷേത്രത്തിലെ പള്ളിവേട്ട. ഇന്നലെ രാത്രി സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിലെ വേട്ടക്കളത്തിലായിരുന്നു ചടങ്ങ്. ഇന്ന് വൈകിട്ട് ശംഖുമുഖത്ത് ആറാട്ടോടെ ഉത്സവത്തിന് സമാപനമാകും. കൊറോണ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് ഇത്തവണ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നടന്നത്. ആളുകളുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ടായിരുന്നെങ്കിലും ഭക്തി സാന്ദ്രമായിരുന്നു ചടങ്ങ്.ശീവേലിക്ക് ശേഷം പടിഞ്ഞാറെ നടവഴിയായിരുന്നു വേട്ടക്കെഴുന്നള്ളത്ത് . ശ്രീ പദ്മനാഭസ്വാമിയുടെ വില്ലേന്തിയ വിഗ്രഹത്തിനൊപ്പം തിരുവാമ്പാടി ശ്രീകൃഷ്ണനെയും നരസിംഹമൂര്‍ത്തിയെയും എഴുന്നള്ളിച്ചു. ക്ഷേത്രം സ്ഥാനി മൂലം തിരുനാള്‍ രാമവര്‍മയാണ് ഉടവാളുമായി അകമ്പടി സേവിച്ചത്. തന്ത്രി തരണനല്ലൂര്‍ നമ്പൂതിരിപ്പാട് അമ്പും വില്ലും ആവാഹനം കഴിച്ച് സ്ഥാനിക്ക് കൈമാറി.അദ്ദേഹം കരിക്കില്‍ അമ്പെയ്താണ് പ്രതീകാത്മകമായി പള്ളിവേട്ട നടത്തിയത്.ഇന്ന് വൈകിട്ട് അഞ്ചിനാണ് ശംഖുമുഖത്തേക്കുള്ള ആറാട്ട് ഘോഷയാത്ര. വിമാനത്താവളത്തിനകത്ത് കൂടി ഘോഷയാത്ര ശംഖുമുഖം തീരത്ത് എത്തും. ഈ സമയം വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവക്കും. 200പേര്‍ക്കാണ് ഇത്തവണ ആറാട്ട് ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ അനുമതി.അവര്‍ക്ക് പ്രതേക പാസും ഏര്‍പ്പെടുത്തിയിട്ടുണ്ട്.