Monday, April 29, 2024
EntertainmentkeralaNews

നടന്‍ പി.സി. ജോര്‍ജ് അന്തരിച്ചു.

വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ പി.സി. ജോര്‍ജ് അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സിനിമാക്കാര്‍ക്കിടയിലെ കാക്കിയണിഞ്ഞ കലാകാരന്‍ ആയിരുന്നു ജോര്‍ജ്. 68 ഓളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.ചാണക്യന്‍, അഥര്‍വം, ഇന്നലെ, സംഘം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് . കെ.ജി. ജോര്‍ജ്, ജോഷി തുടങ്ങി മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകര്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

കുട്ടിക്കാലത്ത് തന്നെ നാടകങ്ങളോടും സിനിമയോടും ജോര്‍ജ് ആകൃഷ്ടനായി. സ്‌കൂള്‍ വേദികളില്‍ അനുകരണ കലയിലും നാടകങ്ങളിലും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. കലയ്ക്ക് പുറമേ കായിക രംഗത്തും അദ്ദേഹം മികവ് തെളിയിച്ചു. കോളജ് വിദ്യാഭ്യാസ കാലത്ത് മിമിക്രിയിലും മോണോ ആക്ടിലും നിരവധി സമ്മാനങ്ങള്‍ അദ്ദേഹം വാരിക്കൂട്ടി. ചെറുപ്പ കാലം മുതലെയുള്ള തന്റെ ആഗ്രഹം സഫലീകരിക്കാനായി പഠനത്തിനു ശേഷം അദ്ദേഹം പോലീസായി സേവനം അനുഷ്ഠിച്ചു. ആ കാലം മുതല്‍ക്ക് തന്നെ വയലാര്‍ രാമവര്‍മ്മ, കെ.ജി. സേതുനാഥ് എന്നിവരുമായി സൗഹൃദത്തിലാവുകയും ചില പ്രൊഫഷനല്‍ നാടകങ്ങളില്‍ അദ്ദേഹം അഭിനയിക്കുകയും ചെയ്തു.

തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റമുണ്ടായപ്പോഴാണ് സിനിമയില്‍ അഭിനയിക്കാനുള്ള ആദ്യ അവസരം ജോര്‍ജിനെ തേടി എത്തുന്നത്. ചെറുതെങ്കിലും ആ ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ അദ്ദേഹത്തെ തേടി കൂടുതല്‍ അവസരങ്ങള്‍ വന്നു.രാമു കാര്യാട്ടിന്റെ ദ്വീപ്, സുബ്രഹ്‌മണ്യന്‍ മുതലാളിയുടെ തന്നെ വിടരുന്ന മൊട്ടുകള്‍, ശ്രീമുരുകന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു.

ചെറിയ വേഷങ്ങളില്‍ നിന്നും മാറി നല്ല കഥാപാത്രങ്ങള്‍ അദ്ദേഹത്തെ തേടി വന്നു. കെ.ജി. ജോര്‍ജ്, ജോഷി തുടങ്ങി മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകര്‍ക്കൊപ്പം ജോര്‍ജ് പ്രവര്‍ത്തിച്ചു. ശാരീരിക ആസ്വാസ്ഥ്യം മൂലം കുറച്ചു കാലമായി കലാരംഗത്ത് അദ്ദേഹം സജീവമല്ലായിരുന്നു. ഭാര്യ: കൊച്ചു മേരി മക്കള്‍: കനകാംബലി, കാഞ്ചന, സാബന്റിജോ.