Wednesday, May 15, 2024
indiakeralaNews

ബ്ലാക്ക് ഫംഗസ് കേസുകളില്‍ 150% വര്‍ധന; മരുന്നിനു കടുത്ത ക്ഷാമം.

കോവിഡ് രണ്ടാംതരംഗത്തില്‍ ആടിയുലഞ്ഞ രാജ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കി ബ്ലാക്ക് ഫംഗസ് (മ്യൂക്കോര്‍മൈകോസിസ്) കേസുകളും വര്‍ധിക്കുന്നു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ബ്ലാക്ക് ഫംഗസ് കേസുകളില്‍ 150 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതുവരെ 31,216 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 2109 പേര്‍ മരണത്തിനു കീഴടങ്ങി. രോഗികള്‍ കൂടിയതിനെ തുടര്‍ന്നു ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കു പ്രധാനമായും ഉപയോഗിക്കുന്ന ആംഫോടെറിസിന്‍ ബി മരുന്നിനു കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ബ്ലാക്ക് ഫംഗസ് രോഗികള്‍ ഉള്ളത്. സംസ്ഥാനത്ത് 7057 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 609 പേര്‍ മരിച്ചു. ഗുജറാത്തില്‍ 5418 പേര്‍ക്കു രോഗം ബാധിക്കുകയും 323 പേര്‍ മരിക്കുകയും ചെയ്തു. 2976 രോഗികളുമായി രാജസ്ഥാനാണ് രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തെങ്കിലും 188 പേര്‍ മരിച്ച കര്‍ണാടകയാണ് മരണസംഖ്യയില്‍ മൂന്നാമത്. മേയ് 25ന് മഹാരാഷ്ട്രയില്‍ 2770 പേര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചപ്പോള്‍ ഗുജറാത്തില്‍ അതേദിവസം 2859 പേര്‍ക്കാണ് രോഗം ബാധിച്ചത്.

ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ ഇതുവരെ 1744 പേര്‍ക്കാണ് ബാധിച്ചത്. 142 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 1200 പേര്‍ക്ക് രോഗം ബാധിക്കുകയും 125 പേര്‍ മരിക്കുകയും ചെയ്തു. ബ്ലാക്ക് ഫംഗസ് ബാധ പകര്‍വ്യാധിയായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ മാസം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അതുകൊണ്ടു തന്നെ ബാക്ക് ഫംഗസ് സംശയിക്കുന്ന എല്ലാ കേസുകളും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു റിപ്പോര്‍ട്ടു ചെയ്യണം.

പ്രകൃതിയില്‍ സ്വാഭാവികമായി കാണപ്പെടുന്ന മ്യൂക്കോമിസൈറ്റ് എന്ന പൂപ്പലുകളാണ് ബ്ലാക്ക് ഫംഗസ് രോഗത്തിനു കാരണം. പ്രതിരോധ ശേഷി കുറഞ്ഞവര്‍, പ്രമേഹ രോഗികള്‍, സ്റ്റിറോയ്ഡ് മരുന്നുകള്‍ കഴിക്കുന്നവര്‍ എന്നിവരെയാണു ബാധിക്കുന്നത്. ചിലരില്‍ അപൂര്‍വമായി ഗുരുതരമായ അണുബാധയുണ്ടാകാം. വായുവില്‍നിന്നാണു പൂപ്പല്‍ ശ്വാസകോശത്തില്‍ കടക്കുന്നത്. പ്രതിരോധ ശേഷിയുള്ളവര്‍ക്കു മ്യൂക്കോമിസൈറ്റ് ഭീഷണിയല്ല.