Saturday, April 20, 2024
keralaNews

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇനി നാലമ്പല ദര്‍ശനവും പ്രസാദ ഊട്ടും

തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാലമ്പല ദര്‍ശനവും പ്രസാദ ഊട്ടും ആരംഭിക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനം. കൊറോണ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയ പശ്ചാത്തലത്തിലാണ് നവംബര്‍ 1 ( വൃശ്ചികം ഒന്ന്) മുതല്‍ ഭക്തര്‍ക്ക് നാലമ്പലത്തിലേക്ക് പ്രവേശനം നല്‍കാന്‍ തീരുമാനിച്ചത്. കൊറോണ പ്രോട്ടോക്കോള്‍ പാലിച്ച് വെര്‍ച്വല്‍ ക്യൂ വഴിയാകും ക്ഷേത്രദര്‍ശനം അനുവദിക്കുക.നിലവിലുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് തുടരും. മുന്‍കൂട്ടി ബുക്ക് ചെയ്ത ഭക്തര്‍ക്ക് അനുവദിച്ച സമയത്ത് മാത്രമേ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കൂ. നിയമതടസ്സങ്ങള്‍ ഇല്ലെങ്കില്‍ കുട്ടികളും ചോറൂണ്, തുലാഭാരം ഉള്‍പ്പെടെയുള്ളവയും വൃശ്ചികം ഒന്ന് മുതല്‍ ആരംഭിക്കും.ക്ഷേത്രത്തില്‍ വെച്ച് നടക്കുന്ന വിവാഹങ്ങള്‍ക്ക് മണ്ഡപത്തില്‍ അനുവദിക്കുന്ന പത്ത് പേര്‍ കൂടാതെ മണ്ഡപത്തിന് താഴെ പത്ത് പേര്‍ക്കും അനുമതി നല്‍കാന്‍ തീരുമാനമായി. നാല് ഫോട്ടോഗ്രാഫര്‍മാരെയും അനുവദിക്കും.