Friday, April 26, 2024
keralaNews

നടന്‍ ദിലീപിന്റെയും കൂട്ടു പ്രതികളുടെയും മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഇന്നും വാദം.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപിന്റെയും കൂട്ടു പ്രതികളുടെയും ഫോണുകള്‍ ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും. രാവിലെ പത്തിന് കോടതി തുടങ്ങുമ്പോള്‍ ഫോണുകള്‍ ഹാജരാക്കാനാണ് നിര്‍ദേശം. ദിലീപിന്റെ നാലാമത്തെ ഫോണിനായി ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. ദിലീപിന്റെ മൂന്ന് ഫോണുകളും അനൂപിന്റെ രണ്ടു ഫോണുകളും സുരാജിന്റെ ഒരു ഫോണും കഴിഞ്ഞ ദിവസം വൈകിട്ടോടെ മുംബൈയില്‍ നിന്ന് കൊച്ചിയില്‍ എത്തിച്ചു.

ഇവ മുദ്രവച്ചകവറില്‍ ഹൈകോടതിയില്‍ ഹാജരാക്കും.. കോടതി തീരുമാനിക്കുന്ന ഏജന്‍സിയാവും ഫോണുകള്‍ ഫോറന്‍സിക്ക് പരിശോധന നടത്തുക. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഇന്നും വാദം നടക്കും.പ്രതികളെ ചോദ്യം ചെയ്തതിന്റെ വിവരങ്ങള്‍ അടക്കം പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിക്കും. ദിലീപ് നാലാമത് ഒരു ഫോണ്‍ കൂടി ഉപയോഗിച്ചതായി പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു.അതു കണ്ടെത്താനുള്ള ശ്രമവും പുരോഗമിക്കുകയാണ്. കോള്‍ രേഖകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.