Monday, April 29, 2024
keralaNewsObituary

നടന്‍ കെടിഎസ് പടന്നയില്‍ അന്തരിച്ചു.

മലയാളത്തിന്റെ ചിരിയുടെ മുഖമായിരുന്ന നടന്‍ കെ.ടി. സുബ്രഹ്‌മണ്യന്‍ എന്ന കെ.ടി.എസ്.പടന്നയില്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി കടവന്ത്രയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നു രാവിലെയായിരുന്നു അന്ത്യം.നാടകലോകത്തുനിന്നാണ് അദ്ദേഹം സിനിമയില്‍ എത്തിയത്. 21ാം വയസ്സില്‍ കണ്ണംകുളങ്ങര അംബേദ്കര്‍ ചര്‍ക്ക ക്ലാസില്‍ നൂല്‍നൂല്‍പ്പ് ജോലിചെയ്യവെ കേരളപ്പിറവി ആഘോഷത്തോടനുബന്ധിച്ച് സ്വന്തമായി സംവിധാനം ചെയ്ത വിവാഹദല്ലാള്‍ എന്ന നാടകത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു കലാലോകത്തെ ആദ്യചുവടുവയ്പ്. തുടര്‍ന്ന് ജയഭാരത് നൃത്തകലാലയം, ചങ്ങനാശ്ശേരി ഗീഥ, ൈവക്കം മാളവിക, ആറ്റിങ്ങല്‍ ഐശ്വര്യ, കൊല്ലം ട്യൂണ തുടങ്ങി കേരളത്തിലെ പ്രമുഖ നാടകട്രൂപ്പുകളിലെല്ലാം സജീവമായിരുന്ന അദ്ദേഹത്തിന് അഭിനയത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും നിരവധി ഫൈന്‍ആര്‍ട്‌സ് സൊസൈറ്റി അവാര്‍ഡുകളും ലഭിച്ചു.

രാജസേനന്‍ സംവിധാനം ചെയ്ത അനിയന്‍ബാവ ചേട്ടന്‍ബാവ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തുന്നത്. വ്യത്യസ്തമായ ചിരിയും ശൈലിയുമായി ആദ്യസിനിമയില്‍തന്നെ ശ്രദ്ധിക്കപ്പെട്ട അദ്ദേഹത്തെ തേടി നിരവധി വേഷങ്ങള്‍ എത്തി. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, വൃദ്ധന്‍മാരെ സൂക്ഷിക്കുക, കളമശ്ശേരിയില്‍ കല്യാണയോഗം, സ്വപ്നലോകത്തെ ബാലഭാസ്‌കര്‍, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, കോട്ടപ്പുറത്തെ കൂട്ടുകുടുംബം, കഥാനായകന്‍, കുഞ്ഞിരാമായണം, അമര്‍ അക്ബര്‍ അന്തോണി, രക്ഷാധികാരി ബൈജു ഒപ്പ് തുടങ്ങിയ നിരവധി സിനിമകളില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളില്‍ അഭിനയിച്ചു. നിരവധി ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചു. സന്മനസുള്ളവര്‍ക്ക് സമാധാനം, പകിട പകിട പമ്പരം തുടങ്ങിയ സീരിയലുകളിലെ വേഷം ശ്രദ്ധിക്കപ്പെട്ടു.