Friday, May 3, 2024
EntertainmentindiakeralaNews

ദേശീയ ചലച്ചിത്ര പുരസ്‌കാരം; നഞ്ചിയമ്മ മികച്ച ഗായിക

തിരുവനന്തപുരം: 68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ആലാപനത്തിനാണ് നഞ്ചിയമ്മയ്ക്ക് പുരസ്‌കാരം ലഭിച്ചത്. മികച്ച സംവിധായകന്‍, സഹനടന്‍, സംഘട്ടന സംവിധാനം എന്നീ പുരസ്‌കാരങ്ങളും അയ്യപ്പനും കോശിയും സ്വന്തമാക്കി. അന്തരിച്ച സംവിധായകന്‍ സച്ചിയ്ക്കുള്ള ആദരം കൂടിയായി ദേശീയ അവാര്‍ഡ് പ്രഖ്യാപനം.

അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ എസ് ഐ അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബിജു മേനോന്‍ മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ക്ക് മാഫിയ ശശിയ്ക്കും ദേശീയ പുരസ്‌കാരം ലഭിച്ചു. മികച്ച സംവിധായകനായി സച്ചി തിരഞ്ഞെടുക്കപ്പെട്ടത് മലയാള സിനിമയ്ക്കുള്ള മികച്ച അംഗീകാരമായി. അകാലത്തില്‍ വിട പറഞ്ഞ സച്ചി എന്ന മഹാനായ കലാകാരന്റെ വിയോഗം ഇന്ത്യന്‍ സിനിമയ്ക്ക് എത്രത്തോളം വലിയ നഷ്ടമാണ് എന്ന് അടയാളപ്പെടുത്തുന്നതാണ് ദേശീയ അവാര്‍ഡ് പ്രഖ്യാപനം.

ജെയ്ക്‌സ് ബിജോയ് സംഗീത സംവിധാനം നിര്‍വ്വഹിച്ച അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ നാടന്‍ ഈണത്തിലുള്ള ഗാനങ്ങള്‍ തന്മയത്വത്തോടെ ആലപിച്ച നഞ്ചിയമ്മ മലയാളത്തിന് എക്കാലവും അഭിമാനിക്കാവുന്ന നേട്ടമാണ് പുരസ്‌കാരത്തിലൂടെ സ്വന്തമാക്കിയത്. നാടന്‍ പാട്ടുകളുടെ സ്വാഭാവികമായ ആഹ്ലാദ ഭാവത്തിനൊപ്പം ചിത്രം ആവശ്യപ്പെടുന്ന ഒരു നിഗൂഢത കൂടി ഉള്‍ക്കൊണ്ടാണ് നഞ്ചിയമ്മ ‘കലക്കാത്ത സന്ദനം’ എന്ന ഗാനം ആലപിച്ചത്. ചിത്രത്തിലെ ശോകഭാവത്തിലുള്ള ‘ദൈവമകളേ’ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാല് ഗാനങ്ങളാണ് അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ നഞ്ചിയമ്മ ആലപിച്ചിരിക്കുന്നത്.