Thursday, May 16, 2024
keralaNewspolitics

ദുർബലരോടൊപ്പം നിൽക്കുന്നതാണ് രാഷ്ട്രീയ പ്രവർത്തനം – എം.ടി.രമേശ്

സമൂഹത്തിലെ ദുർബലർക്കും ബുദ്ധിമുട്ടനുഭവിക്കുന്നവർക്കും
സഹായഹസ്തമായി മാറുകയെന്നതാണ് സാമൂഹിക പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവുമെന്ന് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. ബി.ജെ.പി.യും സേവാഭാരതിയും ചേർന്ന് പുതുപ്പള്ളി എറികാട് വിനോദ് – മഞ്ജു ദമ്പതിമാർക്കുവേണ്ടി നിർമിക്കുന്ന വീടിന്റെ ശിലാസ്ഥാപനം നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എറികാട് പ്രദേശത്തെ ബി.ജെ.പി. പ്രവർത്തകരും അനുഭാവികളും നാട്ടുകാരും ഏറ്റെടുത്തിരിക്കുന്നത് മാതൃകാപരമായ പ്രവർത്തനമാണ്. 2022 – ഓടെ നമ്മുടെ രാജ്യത്തെ എല്ലാവർക്കും സ്വന്തമായി കിടപ്പാടം ഉണ്ടാവുകയെന്നത് നരേന്ദ്രമോദി സർക്കാർ വിഭാവനം ചെയ്യുന്ന വലിയ ആശയമാണ്. ആ ആശയം സാക്ഷാത്ക്കരിക്കപ്പെടുന്നത് ഭരണകൂടത്തിന്റെ മാത്രം പ്രവർത്തനം കൊണ്ടല്ല. രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളുമെല്ലാം ഈ പ്രവർത്തനത്തിൽ പങ്കാളികളാകണമെന്ന് എം.ടി.രമേശ് പറഞ്ഞു.
‘ഗോവിന്ദം’ കാരുണ്യ പദ്ധതിയിൽ പെടുത്തിയാണ് വീടു നിർമിക്കുന്നത്. ബി.ജെ.പി. സംസ്ഥാന സമിതിയംഗം എൻ.ഹരി, ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു, നിയോജക മണ്ഡലം പ്രസിഡന്റ് ടി.കെ.ശ്രീകാന്ത്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രശാന്ത് പയ്യപ്പാടി, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ പ്രിയാകുമാരി, ധന്യാ രതീഷ്, ഗോവിന്ദം കാരുണ്യ പദ്ധതി കൺവീനർ ജി.എൻ.രാം പ്രകാശ്, വി.ഡി.മഹേഷ്, സനിൽകുമാർ, വി.ടി.പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.