Sunday, May 5, 2024
indiaNews

ദുരിതംവിതച്ച് കനത്തമഴ; ഉത്തരാഖണ്ഡില്‍ 16 മരണം

ഡെറാഡൂണ്‍ . ദുരിതംവിതച്ച് മൂന്ന് ദിവസം തുടര്‍ച്ചയായി പെയ്ത കനത്തമഴയില്‍ ഉത്തരാഖണ്ഡില്‍ 16 പേര്‍ മരണപ്പെട്ടതായാണ് റിപ്പോര്ട്ട്. സംസ്ഥാനത്തെ പ്രധാന റോഡുകളും പാലങ്ങളും തകര്‍ന്നു. പ്രദേശവാസികളും ടൂറിസ്റ്റുകളും പല സ്ഥലങ്ങളിലും ഒറ്റപ്പെട്ടു. നൈനിറ്റാള്‍ ജില്ലയില്‍ മേഘവിസ്‌ഫോടനം ഉണ്ടായതായും ഇതിനെ തുടര്‍ന്ന് വ്യാപകമായ നഷ്ടങ്ങളുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.                                            നേപ്പാളില്‍ നിന്നെത്തിയ തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് കണ്ടെത്തിയത്. ഉരുള്‍ പൊട്ടലില്‍ ചമ്പാവത് ജില്ലയിലെ ഒരു വീട് ആകെ തകര്‍്ന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര് അകപ്പെട്ടുപോയിരിക്കാമെന്ന ആശങ്കയിലാണ് രക്ഷാപ്രവര്‍ത്തകര്‍.നൈനിറ്റാള്‍ തടാകം കരകവിഞ്ഞൊഴുകുകയും സമീപ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ആളുകളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റാനുള്ള പ്രവര്‍ത്തനങ്ങളും നടന്നു വരികയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്ദം രൂപപ്പെട്ടതാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പരക്കെ മഴയ്ക്ക് കാരണം. പശ്ചിമ ബംഗാളിലും ഉത്തരാഖണ്ഡിലുമായി നാല് പേര് മഴക്കെടുതിയില്‍ മരിച്ചു.