Monday, May 6, 2024
keralaNews

ദുരഭിമാനത്തിന്റെ പേരില്‍ മര്‍ദ്ദനമേറ്റ മിഥുന്റെ ചികിത്സ സൗജന്യമാക്കിയതായി വനിതാ കമ്മീഷന്‍

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ ദുരഭിമാനത്തിന്റെ പേരില്‍ മര്‍ദ്ദനമേറ്റ മിഥുന്റെ ചികിത്സ സൗജന്യമാക്കിയതായി വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഷാഹിദ കമാല്‍ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന മിഥുന്റെ ചികിത്സയ്ക്ക് വേണ്ടി വനിതാ കമ്മീഷന്‍ ഇടപെട്ടിരുന്നു. ചികിത്സയ്ക്കായി സഹായിക്കണമെന്ന് മിഥുന്റെ ഭാര്യ ദീപ്തി വനിതാ കമ്മീഷനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇടപെടല്‍. ഷാഹിദാ കമാല്‍ ദീപ്തിയെ ചിറയിന്‍കീഴിലെ വീട്ടിലെത്തി കണ്ട് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു.
തിരുവനന്തപുരത്തെ ദുരഭിമാന മര്‍ദ്ദനത്തില്‍ പ്രതിക്ക് എല്ലാ ഒത്താശയും ചെയ്ത് പൊലീസെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ മാസം 31 നാണ് ഡാനിഷ് സഹോദരി ദീപ്തിയെയും ഭര്‍ത്താവ് മിഥുനെയും തന്ത്രപരമായി വിളിച്ചുവരുത്തിയത്. പള്ളിയില്‍ നിന്ന് വീട്ടിലേക്ക് എന്നുപറഞ്ഞ് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. അക്രമ വിവരം അറിഞ്ഞ് സംഭവം നടന്ന ചിറയിന്‍കീഴ് ബീച്ച് റോഡിലേക്ക് പൊലീസ് എത്തി. സമീപവാസികളോട് വിവരം ചോദിച്ച ശേഷം ഡാനിഷ് താമസിക്കുന്ന വീട്ടിലെത്തി കാര്യം തിരക്കി മടങ്ങി.സംഭവത്തിന്റെ ഗൗരവം മനസിലാക്കാതെ പൊലീസ് കാണിച്ച ഈ ഉദാസീനതയാണ് ഡാനിഷിന് രക്ഷപ്പെടാന്‍ അവസരമൊരുക്കിയത്. എന്താണ് ഇയാളെ അപ്പോള്‍ കസ്റ്റഡിയിലെടുക്കാത്ത് എന്ന ചോദ്യത്തിന് പരാതി ഉണ്ടായിരുന്നില്ലെന്നാണ് ഏഷ്യാനെറ്റ് ന്യൂസിനോട് ചിറയന്‍കീഴ് എസ്എച്ച്ഒ നല്‍കിയ മറുപടി. മിഥുനെ ആശുപത്രിയിലാക്കി പിറ്റേദിവസമാണ് ദീപ്തിയും കുടുംബവും ഡാനിഷിനെതിരെ പരാതി രേഖാമൂലം പൊലീസിന് നല്‍കുന്നത്. അതായത് നവംബര്‍ 1ന്. അപ്പോഴും ഡാനിഷ് തിരുവനന്തപുരത്ത് ഉണ്ടായിരുന്നു.