Friday, May 10, 2024
keralaNews

ദുരഭിമാനക്കൊല: ഭാര്യാപിതാവ് പിടിയില്‍

പാലക്കാട്ടെ തേങ്കുറിശ്ശിയില്‍ ജാതിക്കൊലയ്ക്ക് ഇരയായി കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യാപിതാവ് കസ്റ്റഡിയില്‍. കുഴല്‍മന്ദം സ്വദേശി പ്രഭുകുമാറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊല നടത്തിയ ശേഷം ഒളിവില്‍പ്പോയ ഇയാളെ കോയമ്പത്തൂരിലെ ബന്ധുവീട്ടില്‍ വച്ചാണ് പൊലീസ് പിടികൂടിയത്. ഇന്നലെത്തന്നെ അനീഷിന്റെ ഭാര്യയുടെ അമ്മാവന്‍ സുരേഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

അനീഷിനെ ആക്രമിച്ചത് പ്രഭുകുമാറും സുരേഷും ചേര്‍ന്നാണെന്ന് സ്ഥലത്ത് കൊലപാതകം നേരിട്ടുകണ്ട ദൃക്‌സാക്ഷി അരുണ്‍ പറഞ്ഞു. അരുണാണ് അനീഷിനൊപ്പം ബൈക്കിലുണ്ടായിരുന്നത്. വടിവാളും കമ്പിയും കൊണ്ടാണ് ഭാര്യാപിതാവും അമ്മാവനും അനീഷിനെ ആക്രമിച്ചത്. ബൈക്കില്‍ വരികയായിരുന്ന അനീഷിനെ കമ്പികൊണ്ടടിച്ചുവീഴ്ത്തി വടിവാളു കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. മൂന്ന് മാസത്തിനകം അനീഷിനെ ഇല്ലാതാക്കുമെന്ന് പ്രഭുകുമാര്‍ ഭീഷണി മുഴക്കിയിരുന്നുവെന്ന് അരുണ്‍ പറയുന്നു.വെള്ളിയാഴ്ച വൈകിട്ട് 6.30 ഓടെയാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. കുഴല്‍മന്ദം എലമന്ദം സ്വദേശി അനീഷ് മൂന്ന് മാസം മുമ്പാണ് ഹരിത എന്ന പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചത്.പാലക്കാട് ജില്ലാ ആശുപത്രിയിലാണ് അനീഷിന്റെ മൃതദേഹമുള്ളത്. ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടക്കും.