Tuesday, May 7, 2024
keralaNewspolitics

തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്‌സഭ തെരഞ്ഞെടുപ്പിലെ 20 മണ്ഡലങ്ങളിലെ ചിത്രം തെളിഞ്ഞു. ആകെ 194 സ്ഥാനാര്‍ത്ഥികളാണ് ഉള്ളത്. നാമ നിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ ഇന്ന് 10 പേരാണ് പത്രിക പിന്‍വലിച്ചത്. ഏറ്റവും അധികം സ്ഥാനാര്‍ത്ഥികള്‍ കോട്ടയം മണ്ഡലത്തിലാണ്, 14 സ്ഥാനാര്‍ത്ഥികള്‍. ഏറ്റവും കുറവ് സ്ഥാനാര്‍ത്ഥികള്‍ ആലത്തൂരിലാണ്. 5 പേരാണ് ആലത്തൂരില്‍ മത്സരത്തിനുള്ളത്.

ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം അപരന്‍മാര്‍ മത്സര രംഗത്തുണ്ട്.പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ ഇന്ന് വടകരയിലെ കോണ്‍ഗ്രസ് വിമതന്‍ അബ്ദുള്‍ റഹീം നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു. നരിപ്പറ്റ മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹിയായിരുന്ന അബ്ദുള്‍ റഹീമാണ് പത്രിക പിന്‍വലിച്ചത്. ഇടുക്കി മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശം നല്‍കിയിരുന്ന മനേഷ് കഴിഞ്ഞ ദിവസം പത്രിക പിന്‍വലിച്ചിരുന്നു.

മാവേലിക്കരയില്‍ ഒരാള്‍ മാത്രമാണ് പത്രിക പിന്‍വലിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ രണ്ട് അപരന്മാരും പത്രിക പിന്‍വലിച്ചില്ല. തൃശ്ശൂരിലും ഒരാള്‍ മാത്രമാണ് പത്രിക പിന്‍വലിച്ചത്. സ്വാതന്ത്രനായി പത്രിക നല്‍കിയ കെ.ബി സജീവാണ് തൃശ്ശൂരില്‍ പത്രിക പിന്‍വലിച്ചത്.പതിവ് പോലെ അപര ശല്യവും വിമത സാന്നിധ്യവും എല്ലാം ഇത്തവണത്തെ തെലഞ്ഞെടുപ്പിലുമുണ്ട്. സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടികയായപ്പോള്‍ വടകരയില്‍ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്ക്ക് മൂന്ന് അപര സ്ഥാനാര്‍ത്ഥികളുണ്ട്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനുമുണ്ട് രണ്ട് പേരാണ് ഉള്ളത്. കോഴിക്കോട് മണ്ഡലത്തില്‍ എം കെ രാഘവനും എളമരം കരീമിനും മൂന്ന് വീതം അപര സ്ഥാനാര്‍ത്ഥികളുണ്ട്. വനിതാ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലുമുണ്ട് ചില കൗതുകങ്ങള്‍. കണ്ണൂര്‍, മലപ്പുറം, തൃശ്ശൂര്‍, കോട്ടയം, മാവേലിക്കര എന്നീ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീ സാന്നിധ്യം ഇല്ല. ഏറ്റവും അധികം വനിതാ സ്ഥാനാര്‍ത്ഥികള്‍ വടകര മണ്ഡലത്തിലുമാണ്. നാല് പേരാണ് വടകരയില്‍ മത്സരിക്കുന്നത്.