Sunday, May 5, 2024
keralaNewspolitics

തൃശൂരില്‍ കേന്ദ്രത്തിന്റെ ‘ഭാരത് റൈസ്’ വില്‍പ്പന ആരംഭിച്ചു

തൃശൂര്‍ : കേന്ദ്രത്തിന്റെ ‘ഭാരത് റൈസ്’ അരിയുടെ വില്‍പന ആരംഭിച്ചു. കിലോയ്ക്ക് 29 രൂപയാണ് വില. തൃശൂരില്‍ മാത്രം 150 ചാക്കോളം പൊന്നിയരി വില്‍പ്പന നടത്തി .നാഷനല്‍ കോഓപറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷനാണ് അരിയുടെ വിതരണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.

5, 10 കിലോ ഗ്രാം പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു.ആദ്യഘട്ടത്തില്‍ ചില്ലറവിപണി വില്‍പ്പനയ്ക്കായി അഞ്ചുലക്ഷം ടണ്‍ അരിയാണ് കേന്ദ്രം അനുവദിച്ചത്. അരിയ്ക്ക് പുറമെ കടലപ്പരിപ്പും പൊതു വിപണിയേക്കാള്‍ വിലക്കുറവില്‍ ലഭിക്കും.

കടലപരിപ്പിന് കിലോയ്ക്ക് 60 രൂപയാണ് വില. അതേസമയം കേന്ദ്രത്തിന്റ അരി വില്‍പന രാഷ്ട്രീയ മുതലെടുപ്പെന്ന് സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ പ്രതികരിച്ചു.നാഫെഡ്, നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍, കേന്ദ്രീയ ഭണ്ഡാര്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗിച്ചാകും ഭാരത് റൈസ് വിപണിയിലെത്തിക്കുക.ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെയും അരി വിതരണം ചെയ്യും.

അരിയും കടല പരിപ്പും എഫ്.സി.ഐ ഗോഡൗണുകളില്‍ പ്രത്യേകം പായ്ക്ക് ചെയ്താണ് വിതരണത്തിനെത്തിക്കുന്നത്. ഒരാഴ്ചയ്ക്കകം എല്ലാ ജില്ലകളിലും സാധനങ്ങളുമായി വാഹനങ്ങള്‍ എത്തും. കിലോയ്ക്ക് 25 രൂപയ്ക്ക് നേരത്തെ സവാള വിറ്റിരുന്നു.