Friday, May 3, 2024
keralaNewsUncategorized

തിരുവല്ലയില്‍ ബസ് യാത്രയ്ക്കിടെ പണമടങ്ങുന്ന പേഴ്‌സ് മോഷ്ടിച്ച യുവതികളെ പണം നഷ്ടമായ സ്ത്രീ ഓട്ടോ റിക്ഷയില്‍ പിന്തുടര്‍ന്ന് പിടികൂടി

 

തിരുവല്ല: തിരുവല്ലയില്‍ ബസ് യാത്രയ്ക്കിടെ പണമടങ്ങുന്ന പേഴ്‌സ് മോഷ്ടിച്ച യുവതികളെ പണം നഷ്ടമായ സ്ത്രീ ഓട്ടോ റിക്ഷയില്‍ പിന്തുടര്‍ന്ന് പിടികൂടി.             

ചെട്ടിപ്പാളയം സിയോണ്‍ നഗറില്‍ കസ്തൂരി ( 24 ), സിയോണ്‍ നഗറില്‍ കറുമാരി ( 25 ) എന്നിവരാണ് പിടിയിലായത്.ആലപ്പുഴയില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി ബസില്‍ തലവടിയിലേക്ക് വരുകയായിരുന്ന ലതികയുടെ പേഴ്‌സാണ് മോഷ്ടിക്കപ്പെട്ടത്.

തലവടിയില്‍ ബസിറങ്ങിയ ശേഷമാണ് പേഴ്‌സ് നഷ്ടമായ കാര്യം ലതിക അറിഞ്ഞത്.ഉടന്‍ തന്നെ ഓട്ടോറിക്ഷയില്‍ ലതിക ബസിനെ പിന്തുടര്‍ന്നു.

പൊടിയാടി ജംഗ്ഷനില്‍ ബസ് നിര്‍ത്തിയതോടെ തന്റെ പേഴ്‌സ് മോഷണം പോയതായി പറഞ്ഞ് ലതിക ബസിനുള്ളില്‍ കയറി.ഇതോടെ കസ്തൂരിയും കറുമാരിയും ബസിനുളളില്‍ നിന്നും ഇറങ്ങി രക്ഷപെടാന്‍ ശ്രമിച്ചു.

ഇതോടെ മറ്റു യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും തടഞ്ഞുവെച്ചു.സംഭവമറിഞ്ഞെത്തിയ പുളിക്കീഴ് എസ് ഐ കവിരാജും സംഘവും ചേര്‍ന്ന് ഇരുവരെയും സ്റ്റേഷനില്‍ എത്തിച്ചു.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കസ്തൂരിയുടെ ബാഗില്‍ നിന്നും 1300 രൂപ അടങ്ങുന്ന പേഴ്‌സ് കണ്ടെത്തി.

തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.കസ്തൂരി സമാനമായ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.