Friday, March 29, 2024
keralaNews

എംഎല്‍എമാരുടെയും മന്ത്രിമാരുടെയും, ശമ്പളവും ആനുകൂല്യങ്ങളും അറിയാം.

തിരുവനന്തപുരം: മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വീണ്ടും കൂട്ടാനുള്ള നടപടികള്‍ക്കു സര്‍ക്കാര്‍ തുടക്കം കുറിച്ചു. നിലവില്‍ എംഎല്‍എമാര്‍ക്കു ശമ്പളം എന്ന പേരില്‍ നല്‍കുന്നത് 2000 രൂപയാണ്. എന്നാല്‍, മണ്ഡലം അലവന്‍സ് 25,000 രൂപ, ഫോണ്‍ വാടക 11,000 രൂപ, ഇന്‍ഫര്‍മേഷന്‍ അലവന്‍സ് 4000 രൂപ, സല്‍ക്കാരത്തിനും മറ്റും 8000 രൂപ, യാത്രാബത്ത 20,000 രൂപ എന്നിവ ചേര്‍ക്കുമ്പോള്‍ മാസം 70,000 രൂപയാകും.

മന്ത്രിമാര്‍ക്ക് ആനുകൂല്യങ്ങളെല്ലാം ചേര്‍ത്താണ് 97,429 രൂപ. മറ്റ് അലവന്‍സുകള്‍ ഇല്ല. സ്റ്റേറ്റ് കാറിലെ യാത്രയ്ക്ക് തിരുവനന്തപുരത്തും ചേര്‍ന്നുള്ള 8 കിലോമീറ്റര്‍ പരിധിയിലും 17,000 രൂപയുടെ ഇന്ധനം ലഭിക്കും. മറ്റിടങ്ങളില്‍ കിലോമീറ്ററിനു 15 രൂപ ബാറ്റയാണുള്ളത്. ഇപ്പോഴത്തെ ഇന്ധന വിലയും യാത്രയില്‍ കൂടെയുള്ളവര്‍ക്കു ഭക്ഷണം വാങ്ങി നല്‍കുന്നതും മറ്റും ചേര്‍ത്താല്‍ ഈ തുക തികയുന്നില്ലെന്നാണു മന്ത്രിമാരുടെ പരിഭവം. ഇതിനു പുറമേ മണ്ഡലത്തിലെ കാര്യങ്ങളും നോക്കണം. കോവിഡ് കാലത്തെ സാലറി ചാലഞ്ചിന്റെ ഭാഗമായി മന്ത്രിമാരില്‍നിന്ന് 10,000 രൂപ ദുരിതാശ്വാസ നിധിയിലേക്കു പിടിക്കുന്നുണ്ട്.