Monday, April 29, 2024
keralaNews

തിരുവല്ലത്ത് റോഡ് പണി പൂര്‍ത്തിയാക്കാതെ ടോള്‍ പിരിവ്; ശക്തമായ പ്രതിഷേധം

റോഡിന്റെ നിര്‍മാണം മുഴുവനും പൂര്‍ത്തിയാക്കാതെ കഴക്കൂട്ടം-കാരോട് ബൈപ്പാസില്‍ ടോള്‍ പിരിക്കുന്നതിനെതിരേ സമരവുമായി കോണ്‍ഗ്രസും സി.പി.എമ്മും. ടോള്‍ ഗേറ്റുകളിലേക്ക് വാഹനങ്ങളെ കടത്തിവിടാതെ ഇരു വിഭാഗങ്ങളുടെയും പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു ശക്തമായ പ്രതിഷേധം അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ എട്ടോടെ ദേശീയപാതാധികൃതര്‍ ഏര്‍പ്പെടുത്തിയ ഏജന്‍സി, ടോള്‍ പിരിക്കാന്‍ തുടങ്ങിയതറിഞ്ഞ് ഇരു പാര്‍ട്ടികളിലെയും പ്രവര്‍ത്തകരെത്തി റോഡ് ഉപരോധിച്ചു. തുടര്‍ന്ന് കൗണ്ടറുകളിലെത്തി ടോള്‍ പിരിക്കുന്നതു നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. വാഹനങ്ങള്‍ തടയുകയും ചെയ്തു. ഗതാഗതക്കുരുക്കുണ്ടായതോടെ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ എസ്.ഷാജിയുടെ നേതൃത്വത്തിലെത്തിയ പോലീസ് പ്രതിഷേധക്കാരെ ടോള്‍ കൗണ്ടറുകളില്‍നിന്നു മാറ്റാന്‍ ശ്രമിച്ചു. ഇതോടെ പ്രവര്‍ത്തകര്‍ ടോള്‍ ഗേറ്റുകളുടെ വഴി തടഞ്ഞ് കുത്തിയിരിപ്പുസമരം തുടങ്ങി. സി.പി.എം. പ്രവര്‍ത്തകര്‍ ടോള്‍ ഗേറ്റില്‍ കഞ്ഞിവച്ച് പ്രതിഷേധിക്കുകയും ചെയ്തു.