Saturday, May 4, 2024
keralaNews

തിരുവനന്തപുരത്ത് അരുവിക്കര, നെയ്യാര്‍ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി

തിരുവനന്തപുരം ജില്ലയില്‍ മഴക്കെടുതി രൂക്ഷം. മലയോര മേഖലയായ വിതുര, നെടുമങ്ങാട്, ആറ്റിങ്ങല്‍, ആര്യനാട് മേഖലകളിലാണ് മഴക്കെടുതി രൂക്ഷമായിരിക്കുന്നത്. അരുവിക്കര, നെയ്യാര്‍ ഡാമുകളുടെ ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്. ഇന്നലെ ഉച്ചക്ക് മുതല്‍ ആരംഭിച്ച മഴ രാത്രി 2 മണിയോളം തുടര്‍ന്നു. ഇതേ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. നിലവില്‍ മഴയ്ക്ക് ശമനമുണ്ട്.മഴ മലയോര മേഖലകളിലാണ് ഏറെ നാശനഷ്ടമുണ്ടായത്. വെള്ളറട കുരിശുമലയുടെ അടുവാരത്ത് ഉരുള്‍പൊട്ടലിനു സമാനമായ മലവെള്ളപ്പാച്ചിലുണ്ടായി. 30ഓളം കുടുംബങ്ങളെ അവിടെ നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. ആര്യനാട് ആയിരവല്ലി ക്ഷേത്രത്തിനു സമീപവും മലവെള്ളപ്പാച്ചിലുണ്ടായി. അവിടെയും നിരവധി ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. വെള്ളറട ചങ്കീലി, കത്തിപ്പാറ മേഖലയില്‍ ഏക്കറു കണക്കിന് കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി. കൂടാതെ, ആര്യനാട് കൊക്കോറ്റേല്‍ മേക്ഖലയിലും വെള്ളക്കെട്ടുണ്ടായി, കോട്ടൂര്‍ മേഖലയിലും നിരവധി വീടുകളില്‍ വെള്ളം കയറി. ആറ്റിങ്ങല്‍ നരഗത്തിലടക്കം വെള്ളം കയറിയിരുന്നു.മഴയോര മേഖലയില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം നഗരത്തിലെ കോട്ടണ്‍ഹില്‍ സ്‌കൂളിനു മുന്നിലെ റോഡിലുണ്ടായ കുഴിയില്‍ വീണുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഈ കുഴി അടക്കുന്നതിനോ മുന്നറിയിപ്പ് നല്‍കുന്നതിനോ അധികൃതര്‍ തയ്യാറായിട്ടില്ല.