Monday, April 29, 2024
EntertainmentkeralaNewsObituary

തിരുവനന്തപുരം മൃഗശാലയിലെ കാരണവര്‍ കൂടൊഴിഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ സിംഹ കാരണവര്‍ കൂടൊഴിഞ്ഞു. 21 വയസ്സുള്ള സിംഹം ഇന്ന് രാവിലെയാണ് ചത്തത്. പ്രായാധിക്യത്തിന്റെ അവശതകള്‍ ഏറെ ഉണ്ടായിരുന്ന സിംഹത്തെ മൃഗശാല അധികൃതര്‍ കൂട്ടില്‍ കിടത്തി പരിചരിക്കുകയായിരുന്നു.
തിരുവനന്തപുരം മൃഗശാലയിലെ സിംഹക്കൂട്ടില്‍ തലയെടുപ്പോടെ നിന്ന് സന്ദര്‍ശകരെ വരവേറ്റിരുന്ന ഒരു നല്ലകാലമുണ്ടായിരുന്നു ആയുഷിന്. സ്വതവെയുള്ള ശൗര്യവും ഘനഗംഭീര ഗര്‍ജനവും കൊണ്ട് പരിചാരകര്‍ പോലും സുരക്ഷിത അകലത്തില്‍ നിന്നിരുന്ന ഒരു കാലം. ശരാശരി 17 ഉം പിന്നിട്ട് പ്രായമേറി വന്നപ്പോള്‍ ആയുഷ് അവശതയായി. അടിക്കടി അസുഖ ബാധിതനായി. കൂട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും മടിയായി. സടകൊഴിഞ്ഞ സിംഹത്തിന് മനുഷ്യസഹായം ഇല്ലാതെ പറ്റില്ലെന്നായി. ഇഷ്ടഭക്ഷണവും വെള്ളവും മരുന്നുമായി മൃഗശാലയിലെ പരിചാരകള്‍ ചുറ്റും നിന്നു.വണ്ടല്ലൂര്‍ മൃഗശാലയില്‍ നിന്ന് 2008 ലാണ് ആയുഷിനെ തിരുവനന്തപുരം മൃഗശാലയിലേക്ക് എത്തിക്കുന്നത്. അന്ന് മുതല്‍ ഇവിടത്തുകാരനാണ്. അവശതയുടെ കാലം പിന്നിട്ട് കൂടൊഴിയുന്ന ആയുഷിന് വലിയ യാത്രയയപ്പാണ് മൃഗശാല അധികൃതര്‍ നല്‍കിയത്. തിരുപ്പതി മൃഗശാലയില്‍ നിന്ന് എത്തിച്ച നൈലയും ലിയോയും സന്ദര്‍ശകരെ കാത്ത് സിംഹക്കൂട്ടിലുണ്ടാകും.