Friday, May 3, 2024
keralaNews

തിരഞ്ഞെടുപ്പ് ചൂടിലേക്ക് സംസ്ഥാനം

തദ്ദേശ തിരഞ്ഞെടുപ്പിലെ നേട്ടം ആവര്‍ത്തിക്കാന്‍ എല്‍ഡിഎഫും ശക്തമായ തിരിച്ചുവരവിന് യുഡിഎഫ് കരുത്ത് കാട്ടാന്‍ ബിജെപിയും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സീറ്റ് വിഭജന ചര്‍ച്ചകള്‍ അടക്കമുള്ള നിര്‍ണായക ഘട്ടത്തിലേക്ക് മുന്നണികള്‍ കടക്കുകയാണ്. ഇതിന്റെ ഭാഗമായി എല്‍ഡിഎഫ് യോഗം ഇന്ന് ചേരും. കേരളത്തിലെത്തുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി യുഡിഎഫ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.

എകെജി സെന്ററിലാണ് ഇടത് മുന്നണി യോഗം ചേരുന്നത്. പാല സീറ്റിനെ ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നതിനിടയിലാണ് യോഗം. എന്നാല്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തെണ്ടന്നാവും ഇന്നത്തെ തീരുമാനം. പകരം എല്‍ഡിഎഫ് ജാഥയും, പ്രകടന പത്രികയും പ്രധാന ചര്‍ച്ച വിഷയമായേക്കും.

എന്നാലും പാല സീറ്റില്‍ തീരുമാനത്തിലെത്തേണ്ടതുണ്ട്. പാല വിട്ടുകൊടുക്കില്ലെന്ന നിലപാടില്‍ തന്നെയാണ് മാണി സി.കാപ്പന്‍. ഇന്ന് നടക്കുന്ന യോഗത്തില്‍ എന്‍സിപിയില്‍ നിന്ന് ടി.പി പീതാംബരനും കെ ശശീന്ദ്രനും മാണി സി.കാപ്പനും പങ്കെടുക്കും. പാല സീറ്റില്‍ സിപിഐയുടെ നിലപാടും നിര്‍ണായകമാകും.

യുഡിഎഫിലും ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും, കോണ്‍ഗ്രസ് – ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. രാവിലെ പതിനൊന്നു മണിക്ക് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി അവിടെ വച്ചായിരിക്കും കേരളത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്തുക. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സി വേണുഗോപാല്‍, മുസ്ലീം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ രാഹുല്‍ ഗാസിയുമായി കൂടിക്കാഴ്ച്ച നടത്തും.

നിയമസഭ തിരഞ്ഞെടുപ്പില്‍ ഗ്രൂപ്പ് വീതംവയ്പ് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിരീക്ഷക സമിതിയുടെ വിലയിരുത്തല്‍. അച്ചടക്ക ലംഘനത്തിനും ഗ്രൂപ്പ് വീതംവയ്പിനുമെതിരെ ഹൈക്കമാന്‍ഡ് നിരീക്ഷക സമിതിയുടെ താക്കീത്. ജയസാധ്യത മാത്രമായിരിക്കണം സ്ഥാനാര്‍ഥി നിര്‍ണയത്തിലെ ഘടകമെന്ന് തിരഞ്ഞെടുപ്പ് സമിതിയുടെ ആദ്യയോഗത്തില്‍ സംഘം നിര്‍ദേശിച്ചു.