Thursday, May 16, 2024
indiakeralaNews

തമിഴ്‌നാട്ടില്‍ 26 മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ 26 മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. തീയേറ്റര്‍, മാള്‍, ജിംനേഷ്യം, ഓഡിറ്റോറിയം, ബാറുകള്‍ എന്നിവ അടച്ചിടും. സ്വകാര്യ സ്ഥാപനങ്ങളില്‍ 50 ശതമാനം ജീവനകാര്‍ക്ക് മാത്രമായിരിക്കും പ്രവര്‍ത്തനാനുമതി. വിവാഹത്തിന് പരമാവധി 50 പേരും മരണാനന്തര ചടങ്ങിന് 25 പേരും മാത്രമേ പങ്കെടുക്കാവൂ. കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് ഇ പാസും 14 ദിവസം ക്വാറന്റീനും നിര്‍ബന്ധമാക്കി.
തമിഴ്‌നാട്ടില്‍ നിലവില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ നാല് വരെയാണ് കര്‍ഫ്യൂ. ആവശ്യസര്‍വ്വീസുകള്‍ക്ക് മാത്രമേ അനുമതിയുള്ളൂ. കേരളത്തില്‍ നിന്ന് ഉള്‍പ്പടെയുള്ള ഇതരസംസ്ഥാന ബസുകള്‍ രാത്രിയില്‍ അനുവദിക്കില്ല. അടിയന്തര സര്‍വ്വീസുകള്‍ക്കൊപ്പം വ്യവസായശാലകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ഹോട്ടലുകളില്‍ അമ്പത് ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കാനാകൂ. ഞായറാഴ്ച മുഴുവന്‍ സമയ കര്‍ഫ്യൂവാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ ഭക്ഷണവിതരണ ആപ്പുകളിലെ ജീവനക്കാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ഞായറാഴ്ചകളില്‍ ഹോട്ടലുകളില്‍ നിന്ന് പാര്‍സല്‍ അനുവദിക്കും. വിനോദസഞ്ചാരകേന്ദ്രങ്ങളിലും ബീച്ചുകളിലും സന്ദര്‍ശകര്‍ക്ക് വിലക്കുണ്ട്.