Saturday, May 18, 2024
indiaNewspolitics

തമിഴ്‌നാട്ടില്‍ മന്ത്രി കെ. പൊന്മുടി ഇഡി കസ്റ്റഡിയില്‍

ചെന്നൈ : തമിഴ്‌നാട്ടില്‍ 13 മണിക്കൂര്‍ നീണ്ടു നിന്ന റെയ്ഡിന് പിന്നാലെ സ്റ്റാലിന്‍ മന്ത്രിസഭയിലെ മന്ത്രി കെ. പൊന്മുടിയെ ഇഡി കസ്റ്റഡിയിലെടുത്തു. മന്ത്രിയെ കസ്റ്റഡിയിലെടുത്ത് കാറില്‍ ഇഡി ഓഫീസിലേക്ക് കൊണ്ടുപോയി. 2006 ല്‍ മന്ത്രിയായിരിക്കെ മകനും സുഹൃത്തുക്കള്‍ക്കും അനധികൃതമായി ഖ്വാറി ലൈസന്‍സ് നല്‍കി ഖജനാവിന് 28 കോടിയുടെ നഷ്ടം വരുത്തിയെന്ന കേസിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇഡി നടപടി. ഈ കേസ് ജയലളിതയുടെ കാലത്താണ് രജിസ്റ്റര്‍ ചെയ്തത്. 11 വര്‍ഷം പഴക്കമുള്ള കേസ് പൊടിതട്ടിയെടുത്ത ഇഡി സംഘം ,സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കൊപ്പം മന്ത്രിയുടെ ചെന്നൈയിലെയും വിഴുപ്പുറത്തെയും വീടുകളിലും പൊന്മുടിക്ക് പങ്കാളിത്തമുള്ള എഞ്ചിനിയറിംഗ് കോളേജിലും ഇന്ന് പരിശോധന നടത്തുകയായിരുന്നു. വിദേശത്തെ കള്ളപ്പണ നിക്ഷേപത്തില്‍ ഇഡി അന്വേഷണം നേരിടുന്ന മകനും ലോകസ്ഭാ എംപിയുമായ ഗൗതം ശിഖാമണിയുടെ വീടുകളിലും റെയ്ഡുണ്ടായി. പ്രതിപക്ഷ യോഗത്തിനായി മുഖ്യമന്ത്രി സ്റ്റാലിന്‍ ബെംഗളൂരുവിലേക്ക് പോകുന്നതിന് തൊട്ടുമുന്‍പാണ്, തമിഴ്‌നാട് മന്ത്രിക്കെതിരെ ഇഡി പരിശോധന നടന്നത്. ഡിഎംകെയ്ക്കായി ഗവര്‍ണര്‍ തുടങ്ങി വച്ച തെരഞ്ഞെടുപ്പ് പ്രചാരണം ഇഡിയും ഏറ്റെടുത്തതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ എളുപ്പമായെന്നായിരുന്നു റെയ്ഡിനെ കുറിച്ച് മുഖ്യമന്ത്രി സ്റ്റാലിന്റെ പരിഹാസം.