Wednesday, April 24, 2024
keralaNewspolitics

എഐവൈഎഫ് പത്തനംതിട്ടയില്‍ നടത്തിയ മാര്‍ച്ചില്‍ കല്ലേറ്.

പത്തനംതിട്ട :എഐവൈഎഫ് പത്തനംതിട്ടയില്‍ അഗ്‌നിപഥിനെതിരെ നടത്തിയ മാര്‍ച്ചില്‍ കല്ലേറ്. രണ്ടു പൊലീസുകാര്‍ക്കു പരുക്ക്. ഡിവൈഎസ്പി ഓഫിസിലെ എം.എസ്.അജിത്, കെഎപി ക്യാംപിലെ റെജിന്‍ എന്നിവര്‍ക്കാണു പരുക്കേറ്റത്. കരിങ്കല്ലും ഇഷ്ടികയും പേപ്പറില്‍ പൊതിഞ്ഞു കൊണ്ടുവന്നാണ് എറിഞ്ഞത്. ഹെഡ് പോസ്റ്റ് ഓഫിസിനു സമീപം പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് പ്രകടനക്കാരെ തടഞ്ഞു. ബാരിക്കേഡ് തള്ളി താഴെയിട്ടു. തുടര്‍ന്നാണ് കല്ലേറുണ്ടായത്.

അതേസമയം, അഗ്‌നിപഥ് സ്‌കീമിനെതിരെ തിരുവനന്തപുരത്തും കോഴിക്കോട്ടും പ്രതിഷേധം നടന്നു. തിരുവനന്തപുരത്ത് രാജ്ഭവനിലേക്കു നടത്തിയ മാര്‍ച്ചില്‍ 300ല്‍ അധികം പേര്‍ പങ്കെടുത്തു. വിവിധ ജില്ലകളില്‍ ഇടത്, വലത് വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധം നടത്തി. കോഴിക്കോട് സൈന്യത്തിലേക്കുള്ള പൊതുപ്രവേശന പരീക്ഷ നടത്തണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ഒന്നര വര്‍ഷം മുന്‍പ് ഫിസിക്കല്‍, മെഡിക്കല്‍ പരീക്ഷകള്‍ പാസായി എഴുത്തു പരീക്ഷയ്ക്കു കാത്തിരിക്കുന്ന വിദ്യാര്‍ഥികളാണ് മാര്‍ച്ച് നടത്തിയത്. അഗ്‌നിപഥ് പദ്ധതി വരുന്നതിനു മുന്നോടിയായി ഈ പ്രവേശന പരീക്ഷ നടത്താന്‍ സാധ്യതയില്ലെന്ന സൂചനകളെ തുടര്‍ന്നാണ് സമരം നടത്തിയത്. 3 ജില്ലകളിലെ 3000 ത്തോളം ഉദ്യോഗാര്‍ഥികളാണ് പരീക്ഷയ്ക്കായി കാത്തിരിക്കുന്നത്. ഒന്നര ലക്ഷം പേര്‍ അപേക്ഷിച്ച പരീക്ഷയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 5000 ഉദ്യോഗാര്‍ഥികളാണ് കേരളത്തിലുള്ളത്.