Thursday, May 2, 2024
keralaNews

ഡിഎന്‍എ ഫലം കാണാമറയത്ത്; ഹൈക്കോടതി സമയം നീട്ടി നല്‍കി

മുംബൈ: പീഡനക്കേസില്‍ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധനാഫലം പുറത്ത് വിടണമെന്ന് ബിഹാര്‍ സ്വദേശിനി നല്‍കിയ അപേക്ഷ ബോംബെ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ബിനോയിയുടെ അഭിഭാഷകര്‍ മറുപടി സമര്‍പ്പിക്കാന്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പ്രകാരം കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. ഫെബ്രുവരി 10ന് അടുത്ത വാദം കേള്‍ക്കും. കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകരുതെന്നും ഫലം പുറത്ത് വരുന്നതോടെ സത്യം തെളിയിക്കപ്പെടും എന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം മൂന്നാം തിയതിയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.

2019 ജൂലൈയിലാണ് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഡിഎന്‍എ ടെസ്റ്റ് നടത്തിയത്. 17 മാസങ്ങള്‍ക്ക് ശേഷം 2020 ഡിസംബറിലാണ് ഫലം ലഭിച്ചത്. സീല്‍ ചെയ്ത കവറില്‍ ഇത് കോടതിക്ക് കൈമാറി. ഈ ഫലം പുറത്ത് വിടണമെന്നാണ് യുവതി ആവശ്യപ്പെട്ടിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി ബിനോയ് വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും, ആ ബന്ധത്തില്‍ മകനുണ്ടെന്നുമാണ് ഡാന്‍സ് ബാര്‍ നര്‍ത്തകി കൂടിയായ യുവതി പരാതി നല്‍കിയത്.

ദുബായില്‍ ഡാന്‍സ് ബാറില്‍ ജോലി ചെയ്യുമ്പോള്‍ അവിടെ സ്ഥിരം സന്ദര്‍ശകനായിരുന്ന ബിനോയ് പരിചയപ്പെട്ടു. ജോലി ഉപേക്ഷിച്ചാല്‍ വിവാഹം ചെയ്യാമെന്ന വാഗ്ദാനം നല്‍കി. ബിനോയിയുടെ വീട്ടിലും യുവതി നിത്യസന്ദര്‍ശകയായിരുന്നു. 2009 നവംബറില്‍ ഗര്‍ഭിണിയായി. ഇതിന് ശേഷമാണ് മുംബൈയിലേക്ക് വരുന്നത്. 2018ലാണ് ബിനോയ് വിവാഹിതനാണെന്ന് തിരിച്ചറിഞ്ഞത്. ഇക്കാര്യം ചോദിച്ചപ്പോള്‍ ബിനോയ് മറുപടി നല്‍കിയില്ല. പിന്നീട് ഭീഷണി തുടങ്ങിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.