Tuesday, April 30, 2024
indiakeralaNews

ഡല്‍ഹി സര്‍ക്കാര്‍ ഇന്ന് രാത്രിയോടെ ഔദ്യോഗികമായി മദ്യ വില്‍പന അവസാനിപ്പിക്കും

ന്യൂഡല്‍ഹി: ഇന്ന് രാത്രിയോടെ ഡല്‍ഹി സര്‍ക്കാര്‍ ഔദ്യോഗികമായി മദ്യ വില്‍പനയില്‍ നിന്ന് പിന്‍വാങ്ങും. ബുധനാഴ്ച രാവിലെ മുതല്‍ പുതിയ എക്സൈസ് നയം പ്രാബല്യത്തില്‍ വരുന്നതോടെ പുതിയ സ്വകാര്യ മദ്യഷാപ്പുകള്‍ക്ക് വഴിയൊരുക്കും. ഉപഭോക്താക്കള്‍ മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് നടപടി.850 ഓളം പുതിയ സ്വകാര്യ മദ്യഷാപ്പുകള്‍ തുറക്കാന്‍ അനുമതിയുണ്ടെങ്കിലും ബുധനാഴ്ച 300 മുതല്‍ 350 മദ്യഷാപ്പുകള്‍ തുറക്കാനെ സാധ്യതയുള്ളൂ. എല്ലാ സര്‍ക്കാര്‍ മദ്യഷാപ്പുകളും ചൊവ്വാഴ്ചയോടെ അടച്ചുപൂട്ടുകയും ലൈസന്‍സ് നല്‍കിയ എല്ലാ സ്വകാര്യഷാപ്പുകളും തുറക്കാതിരിക്കുകയും ചെയ്യുന്നതോടെ ആദ്യനാളുകളില്‍ ഡല്‍ഹിയില്‍ മദ്യക്ഷാമം ഉണ്ടായേക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.പുതിയ മദ്യനയത്തില്‍ ഡല്‍ഹിയില്‍ 32 സോണുകളായിട്ടാണ് തിരിച്ചിരിക്കുന്നത്. ഓരോ സോണിലും ഒരു റീട്ടെയില്‍ ലൈസന്‍സിയുടെ ഉടമസ്ഥതയിലുള്ള 27 മദ്യശാലകള്‍ വീതമാണ് ഉണ്ടാകുക. തുറക്കാനിരിക്കുന്ന 850 ഓളം മദ്യഷാപ്പുകളില്‍ പ്രൊവിഷണല്‍ ലൈസന്‍സ് ലഭിച്ചിരിക്കുന്നത് 350 എണ്ണത്തിന് മാത്രമാണ്. രണ്ടു മാസത്തിനകം എല്ലാ ക്ഷാമവും പരിഹരിച്ച് ഉപഭോക്താക്കള്‍ക്ക് വളരെ സൗകര്യപ്രദമായി മദ്യം വാങ്ങാന്‍ കഴിയുന്ന പരിവര്‍ത്തനമാണ് നടക്കുന്നതെന്ന് ഡല്‍ഹി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.പുതിയ മദ്യ നയം വരുന്നത് വരെ ഡല്‍ഹിയില്‍ 849 മദ്യഷാപ്പുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 60 ശതമാനം സര്‍ക്കാരിന്റെ ഉടമസ്ഥതയിലും 40 ശതമാനം സ്വകാര്യവുമായിരുന്നു. അസൗകര്യങ്ങളും നടത്തിപ്പിലെ കെടുകാര്യസ്ഥതയും സംബന്ധിച്ച് ഏറെ പരാതികളുയര്‍ന്ന പശ്ചാത്തലത്തിലാണ് പുതിയ മദ്യ നയം രൂപീകരിച്ചത്.