Monday, May 6, 2024
keralaNews

ട്രെയിന്‍ തീപിടുത്തം. ട്രെയിനിന് തീയിട്ടതെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂര്‍: കണ്ണൂര്‍ -ആലപ്പുഴ എക്സിക്യൂട്ടീവ് ട്രെയിനിന് തീയിട്ടതെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഒരാള്‍ വലിയ ക്യാനുമായി ട്രെയിലിനേക്ക് കയറി പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സമീപത്തുള്ള ബിപിസിഎല്‍ ഇന്ധന സംഭരണിയിലെ സിസിടിവിയിലെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അട്ടിമറി സാദ്ധ്യതയുള്ളതായി റെയില്‍വേ ഉദ്യോഗസ്ഥര്‍ സൂചന നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.ബോഗിയുടെ എല്ലാഭാഗത്തുനിന്നും ഒരുപോലെ തീ ആളിപ്പടരുകയായിരുന്നു. അതിനാല്‍ സ്വാഭാവിക തീപിടിത്തമാകാന്‍ സാദ്ധ്യതയില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. ബോഗികള്‍ എഞ്ചിനില്‍ നിന്നും വേര്‍പെടുത്തിയിരുന്നതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനും സാദ്ധ്യതയില്ല. അതിനാല്‍ ഇന്ധനം ഉപയോഗിച്ച് കത്തിച്ചതാകാമെന്നുള്ള സംശയം ഉദ്യോഗസ്ഥര്‍ നേരത്തെ പങ്കുവെച്ചിരുന്നു. സംഭവ സ്ഥലത്ത് റെയില്‍വേ പോലീസ് എത്തി പരിശോധന നടത്തുകയാണ്. ഫോറന്‍സിക് വിഭാഗവും ഉടന്‍ എത്തും. ഇന്ന് പുലര്‍ച്ചെ 1.30നായിരുന്നു സംഭവം. ആലപ്പുഴയില്‍ നിന്നും കണ്ണൂരിലെത്തിയ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ബോഗിയ്ക്ക് തീപിടിക്കുകയായിരുന്നു. യാത്രക്കാരെ ഇറക്കി ട്രെയിന്‍ പ്ലാറ്റ് ഫോമില്‍ നിന്ന് എട്ടാമത്തെ ട്രാക്കിലേക്ക് മാറ്റിയിട്ടതിനു ശേഷമാണ് സംഭവം. എലത്തൂരില്‍ തീയിട്ട അതേ ട്രെയിനിനാണ് തീപിടിച്ചത്. ബോഗി പൂര്‍ണമായും കത്തി നശിച്ചു. തീ ആളിപ്പടര്‍ന്നത് കണ്ട് റെയില്‍വേ ഉദ്യോഗസ്ഥര്‍ ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. അഗ്‌നിശമന സേന സ്ഥലത്തെത്തി തീയണച്ചു. ട്രെയിനില്‍ നിന്നും മറ്റുള്ള ബോഗികള്‍ വേര്‍പെടുത്തിയതിനാല്‍ ബാക്കിയുള്ള കംപാര്‍ട്ട്മെന്റിലേക്ക് തീപടര്‍ന്നില്ല. ഭാരത് പെട്രോളിയത്തിന്റെ ഇന്ധന സംഭരണി സ്റ്റേഷന് സമീപത്തായുണ്ട്. അതിലേക്ക് തീപിടിക്കാത്തതിനാല്‍ വന്‍ അപകടം ഒഴിവായെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏപ്രില്‍ രണ്ടിനായിരുന്നു എലത്തൂരില്‍മൂന്ന് പേര്‍ മരണപ്പെട്ട തീവെപ്പുണ്ടായത്. സംഭവത്തില്‍ ഷാരുഖ് സെയ്ഫിയെന്നയാള്‍ പിടിയിലായിരുന്നു. ഇയാളെ കേന്ദ്രീകരിച്ച് എന്‍ഐഎ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അതേ ട്രെയിനിലെ മറ്റൊരു കംപാര്‍്ട്ട്മെന്റ് പൂര്‍ണമായും കത്തി നശിച്ചിരിക്കുന്നത്.