Thursday, May 2, 2024
indiaNewsSports

ടോക്കിയോ പാരാലിംപിക്‌സില്‍ ആദ്യ മെഡല്‍ ഉറപ്പിച്ച് ഇന്ത്യ.

ടോക്കിയോ പാരാലിംപിക്‌സില്‍ ആദ്യ മെഡല്‍ ഉറപ്പിച്ച് ഇന്ത്യ. അത് ഇനി സ്വര്‍ണമോ വെള്ളിയോ എന്നേ അറിയേണ്ടതുള്ളൂ. ടേബിള്‍ ടെന്നിസില്‍ ഗുജറാത്തുകാരി ഭാവിനാ ബെന്‍ പട്ടേലാണ് ഫൈനലില്‍ കടന്നത്. വനിതാ സിംഗിള്‍സിലെ ആദ്യ മത്സരത്തില്‍ തോറ്റശേഷം തുടര്‍ച്ചയായി നാലു മത്സരങ്ങളില്‍ വിജയം നേടി ഫൈനലില്‍ കടന്നാണ് ചക്രകസേരയിലിരുന്ന് മുപ്പത്തിനാലുകാരി ഭാവിന മെഡല്‍ ഉറപ്പിച്ചത്.പാരാലിംപിക്‌സ് ചരിത്രത്തില്‍ ടേബിള്‍ ടെന്നിസിലെ ഇന്ത്യയുടെ ആദ്യ മെഡലാണ് ഭാവിനയിലൂടെ സ്വന്തമാകുന്നത്. ക്ലാസ് 4 (അരയ്ക്കു താഴോട്ടു തളര്‍ന്നവര്‍) വിഭാഗത്തിലാണ് ഭാവിനയുടെ മുന്നേറ്റം. ഇന്നു രാവിലെ നടന്ന സെമി പോരാട്ടത്തില്‍ ചൈനയുടെ ലോക മൂന്നാം നമ്പര്‍ താരം ഷാങ് മിയാവോയെ രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്ക് തകര്‍ത്താണ് ഭാവിന ഫൈനലില്‍ കടന്നത്.

വെറും 34 മിനിറ്റിലാണ് ഭാവിന എതിരാളിയെ തകര്‍ത്തുവിട്ടത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ചൈനയുടെ തന്നെ യിങ് സൂവാണ് ഭാവിനയുടെ എതിരാളി. ക്വാര്‍ട്ടറില്‍ സെര്‍ബിയയുടെ ലോക അഞ്ചാം നമ്പറും റിയോ ഒളിംപിക്‌സിലെ സ്വര്‍ണജേതാവുമായ ബോറിസ്ലാവ റാങ്കോവിച്ചിനെയാണ് ഇന്ത്യന്‍ താരം അട്ടിമറിച്ചത് (115, 116, 117). ഗ്രൂപ്പിലെ ആദ്യ മത്സരം തോറ്റാണു ഭാവിന തുടങ്ങിയത്.വനിതാ സിംഗിള്‍സില്‍ മത്സരിച്ച മറ്റൊരു ഇന്ത്യക്കാരി സോണാല്‍ബെന്‍ പട്ടേല്‍ ഗ്രൂപ്പിലെ 2 മത്സരങ്ങളും തോറ്റു നേരത്തേ പുറത്തായിരുന്നു. വനിതാ ഭാരോദ്വഹനത്തില്‍ സക്കീന ഖാത്തും അഞ്ചാം സ്ഥാനം നേടി. പുരുഷ അമ്പെയ്ത്തില്‍ രാകേഷ് ശര്‍മ റാങ്കിങ് റൗണ്ടില്‍ മൂന്നാമതെത്തി.ഒന്നാം വയസ്സില്‍ പോളിയോ ബാധിച്ചാണ് ഭാവിനാബെന്‍ പട്ടേലിന്റെ അരയ്ക്കുതാഴേക്ക് തളര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാടായ ഗുജറാത്തിലെ വഡനഗറിലാണ് ഭാവിന ജനിച്ചത്. 12ാം ക്ലാസ് വരെ നാട്ടിലെ സ്‌കൂളില്‍ പഠിച്ചശേഷം അഹമ്മദാബാദിലേക്ക് മാറി. അവിടെ ആദ്യം കമ്പ്യൂട്ടര്‍ പഠനം. അതിനൊപ്പം ടേബിള്‍ ടെന്നിസും കളിച്ചു തുടങ്ങി. ഗുജറാത്ത് സര്‍വകലാശാലയില്‍നിന്നു ഡിഗ്രി നേടിയതിനൊപ്പം മത്സരവേദികളിലും തിളങ്ങി.ബെംഗളൂരുവില്‍ നടന്ന ദേശീയ ചാംപ്യന്‍ഷിപ്പില്‍ പാരാ ടേബിള്‍ ടെന്നിസില്‍ ജേതാവായതോടെ കഥ മാറി. 2016ല്‍ റിയോ പാരാലിംപിക്‌സിനു യോഗ്യത നേടിയെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ മത്സരിക്കാന്‍ പറ്റിയില്ല. അതിന്റെ സങ്കടം മറികടന്നു പരിശീലനം തുടര്‍ന്നു. 2018ല്‍ ഏഷ്യന്‍ പാരാ ഗെയിംസില്‍ മെഡല്‍. ഒടുവില്‍ ടോക്കിയോ പാരാലിംപിക്‌സിനു യോഗ്യത. മെഡല്‍ ഉറപ്പിച്ച് ചരിത്രത്തിന്റെ ഭാഗമാകുമ്പോള്‍ ഭര്‍ത്താവ് നികുല്‍ പട്ടേല്‍ പിന്തുണയുമായി ഒപ്പമുണ്ട്.