Monday, April 29, 2024
keralaNews

ജോത്സ്യനെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു വരുത്തി ആഭരണങ്ങളും ഫോണും കവര്‍ന്നു

കൊച്ചി: ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട യുവജോത്സ്യനില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും ഫോണും കവര്‍ന്ന സംഭവത്തില്‍ യുവതി പിടിയിലായി. തൃശൂര്‍ മണ്ണൂത്തി സ്വദേശി അന്‍സി (26) ആണ് അറസ്റ്റിലായത്. ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട യുവജോത്സ്യനെ കൊച്ചിയിലെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു വരുത്തി ശീതളപാനീയം നല്‍കി മയക്കിയാണ് 13 പവന്‍ ആഭരണങ്ങളും ഫോണും കവര്‍ന്നത്. ഇടപ്പള്ളിയിലെ ഹോട്ടല്‍ മുറിയിലായിരുന്നു സംഭവം. ‘ആതിര’ എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്നും വന്ന അപരിചിതയായ യുവതിയുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ച ജോത്സ്യനായ യുവാവിനോട് പൂജയെക്കുറിച്ചും ദോഷം മാറാനുള്ള വഴിപാടുകളെക്കുറിച്ചും ചോദിച്ചറിഞ്ഞ യുവതി സൗഹൃദം സ്ഥാപിച്ചു. യുവതി ആവശ്യപ്പെട്ടത് പ്രകാരം കലൂരിലെത്തിയ ജോത്സ്യന്‍ ആതിരയുമായി കണ്ടുമുട്ടി. തന്റെ അടുത്ത സുഹൃത്തായ അരുണ്‍ ഇടപ്പള്ളിയിലുണ്ടെന്നും അവിടേക്ക് പോകാമെന്നും പറഞ്ഞാണ് ജോത്സ്യനെ ഇടപ്പള്ളിയിലെത്തിച്ചത്. തുടര്‍ന്നാണ് ഹോട്ടലില്‍ മുറിയെടുത്തത്. ജോത്സ്യനും ആതിരയും ദമ്പതികളാണെന്ന് പറഞ്ഞാണ് മുറിയെടുത്തത്. മുറിയില്‍ വച്ചു ആദ്യം പായസം നല്‍കിയെങ്കിലും ജോത്സ്യന്‍ കഴിച്ചില്ല. ഇതിന് ശേഷം യുവതി ലഹരിപാനീയം നല്‍കി മയക്കുകയായിരുന്നു. ജോത്സ്യന്റെ 5 പവന്റെ മാല, 3 പവന്റെ ചെയിന്‍, 3 പവന്റെ മോതിരം എന്നിവയടക്കം 13 പവന്റെ ആഭരണങ്ങളും 30,000 രൂപയുടെ മൊബൈല്‍ ഫോണുമാണ് കവര്‍ന്നത്. ഭര്‍ത്താവ് ഉറങ്ങുകയാണെന്നും വൈകിട്ട് ഉണര്‍ത്തണമെന്നും റിസപ്ഷനിസ്റ്റിനോട് ആവശ്യപ്പെട്ടശേഷം യുവതി സ്ഥലംവിട്ടു. വൈകിട്ട് ഹോട്ടല്‍ ജീവനക്കാര്‍ റൂമിലെത്തിയപ്പോഴാണു ജോത്സ്യനെ അബോധാവസ്ഥയില്‍ കണ്ടത് . തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു.