Thursday, May 16, 2024
indiaNewspolitics

കമലിന് വേണ്ടി കളത്തിലിറങ്ങി സുഹാസിനി

തമിഴ് നാട്ടിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുകയാണ്. കമല്‍ ഹാസന് വേണ്ടി വോട്ട് പിടിക്കാന്‍ ഇറങ്ങിയിരിക്കുന്നത് നടിയും അദ്ദേഹത്തിന്റെ സഹോദരന്റെ മകളുമായ സുഹാസിനിയാണ്. ഇതിന്റെ ചിത്രങ്ങള്‍ സുഹാസിനി തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തിലാണ് ഇക്കുറി കമല്‍ ഹാസന്‍ ജനവിധി തേടുന്നത്. മഹിളാ മോര്‍ച്ച ദേശീയ പ്രസിഡന്റ് വനതി ശ്രീനിവാസനും കോണ്‍ഗ്രസിന്റെ മയൂരി ജയകുമാറുമാണ് കമല്‍ ഹാസന്റെ എതിരാളികള്‍. കഴിഞ്ഞദിവസം സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി കമല്‍ ഹാസന്‍ രംഗത്തെത്തിയിരുന്നു. സിപിഎം തന്റെ രാഷ്ട്രീയ പ്രവേശനത്തെ വില കുറച്ചുകണ്ടെന്ന് പറഞ്ഞ കമല്‍ഹാസന്‍, സിപിഎം പരസ്യമായി കോടികള്‍ വാങ്ങിയാണ് തമിഴ്നാട്ടില്‍ ഡിഎംകെ മുന്നണിയില്‍ ചേര്‍ന്നതെന്നും ആരോപിച്ചിരുന്നു. ഡിഎംകെയില്‍ നിന്ന് തമിഴ്നാട്ടിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ 25 കോടി രൂപ കൈപ്പറ്റി. ലളിതജീവിതം ആഗ്രഹിക്കുന്ന സഖാക്കളുടെ അധഃപതനത്തില്‍ ഖേദിക്കുന്നുവെന്നും കമല്‍ഹാസന്‍. നിരവധി ഇടത് പാര്‍ട്ടികളുമായി താന്‍ ചര്‍ച്ചക്ക് ശ്രമിച്ചിരുന്നു എന്നും കമല്‍ ഹാസന്‍ പറഞ്ഞു.