Friday, May 17, 2024
indiakeralaNewsObituary

ജീവിതത്തില്‍ അമ്മയുടെ പാട്ട് കൂട്ടിനില്ലാതെ ഒരു രാത്രിപോലും കടന്നു പോയിട്ടില്ല. എം. ജയചന്ദ്രന്‍

കൊച്ചി: സംഗീത ഇതിഹാസം ലതാ മങ്കേഷ്‌കറുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് സംഗീത സംവിധായകനും ഗായകനുമായ എം. ജയചന്ദ്രന്‍. നേരില്‍ കാണാന്‍ അതിയായി ആഗ്രഹിച്ചുവെന്നും കാണാന്‍ സാധിക്കാത്തത് തീരാ നഷ്ടമാണെന്നും എം ജയചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. വര്‍ഷങ്ങളായി ലത മങ്കേഷ്‌കറിന്റെ പാട്ട് കൂട്ടിനില്ലാത ഒരു രാത്രിപോലും കടന്ന് പോയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ജയചന്ദ്രന്റെ വാക്കുകള്‍ ഇങ്ങനെ, അമ്മേ…. നേരിട്ട് കാണാന്‍ ഞാന്‍ എത്ര അധികം ആഗ്രഹിച്ചു… പലപ്പൊഴും മുംബൈയില്‍ ദിവസങ്ങളോളം താമസിച്ചു, അമ്മയെ കാണാന്‍ പറ്റും എന്നു കരുതി കാത്തിരുന്നു… അമ്മയുടെ ‘പ്രഭു കുന്‍ച്’ എന്ന വീടിനു മുന്‍പില്‍ എത്രയോ തവണ വന്ന് നിന്നു… കാണാന്‍ പറ്റാത്തത് തീരാ നഷ്ടം… സങ്കടം….. വര്‍ഷങ്ങളായി, അമ്മയുടെ പാട്ട് കൂട്ടിനില്ലാതെ, ഒരു രാത്രി പോലും എന്റെ ജീവിതത്തില്‍ കടന്നു പോയിട്ടില്ല… ലാതാജി എന്ന അമ്മയെ, സ്വരരാഗ ഗംഗയെ, ആത്മീയമായി നമസ്‌കരിക്കുന്നു.

ഇന്ന് രാവിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ലത മങ്കേഷ്‌കറിന്റെ അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. കൊറോണ ബാധിച്ചതിനെ തുടര്‍ന്ന് ജനുവരി എട്ടിനാണ് ലത മങ്കേഷ്‌കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രിയഗായികയോടുള്ള ആദര സൂചകമായി രാജ്യം രണ്ട് ദിവസത്തെ ദുഃഖാചരണം നടത്തും. രണ്ട് ദിവസത്തേയ്ക്ക് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.