Monday, May 6, 2024
indiaNews

ജിഗ്‌നേഷ് മേവാനിയെ വീണ്ടും അറസ്റ്റ് ചെയ്തു.

ഗുവാഹത്തി :ഗുജറാത്തിലെ സ്വതന്ത്ര എംഎല്‍എയും ദലിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയെ വീണ്ടും അറസ്റ്റ് ചെയ്തു. അസമിലെ കോടതിയില്‍നിന്നു ജാമ്യം കിട്ടിയതിനു പിന്നാലെയാണു മേവാനി രണ്ടാമതും അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണു മേവാനിയെ ഗുജറാത്തില്‍നിന്ന് അസം പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. ഇപ്പോഴത്തെ അറസ്റ്റ് ഏതു കേസിലാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ലെന്നാണു റിപ്പോര്‍ട്ട്.

അറസ്റ്റിനെച്ചൊല്ലി രാഷ്ട്രീയവിവാദം മുറുകവെയാണു വീണ്ടും അറസ്റ്റെന്നതു ശ്രദ്ധേയമാണ്. ഗാന്ധിജിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബന്ധപ്പെടുത്തി ട്വീറ്റ് ചെയ്തതിന്, അസമില്‍ നിന്നെത്തിയ പൊലീസ് ഗുജറാത്തിലെ പാലംപുരില്‍നിന്ന് മേവാനിയെ രാത്രി 11.30ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രധാനമന്ത്രിയുടെ ഓഫിസിന്റെ കുടിപ്പകയാണു തന്റെ അറസ്റ്റെന്നു മോദിയുടെ വിമര്‍ശകനായ മേവാനി ആരോപിച്ചു. ‘ഇതു ബിജെപിയും ആര്‍എസ്എസും നടത്തിയ ഗൂഢാലോചനയാണ്. എന്റെ പ്രതിഛായ നശിപ്പിക്കുകയാണ് ഉദ്ദേശ്യം. വ്യവസ്ഥാനുസൃതമായാണ് അവരതു ചെയ്യുന്നത്. രോഹിത് വെമുലയ്ക്കും ചന്ദ്രശേഖര്‍ ആസാദിനും എതിരെ ചെയ്തതും ഇങ്ങനെത്തന്നെയാണ്. ഇപ്പോഴവര്‍ എന്നെയാണു ലക്ഷ്യമിട്ടിരിക്കുന്നത്’ ജിഗ്‌നേഷ് മേവാനി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.