Saturday, May 11, 2024
indiaNewsUncategorized

ക്രിസ്തുവിന്റെ ആശയങ്ങള്‍ മനുഷ്യസമൂഹത്തെ ഒറ്റക്കെട്ടായി നിര്‍ത്തും. രാഷ്ട്രപതി

ന്യൂഡല്‍ഹി : ലേകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ക്രിസ്തുവിന്റെ ആശയങ്ങള്‍ മനുഷ്യസമൂഹത്തെ ഒറ്റക്കെട്ടായി നിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം ആകട്ടെയെന്ന് രാംനാഥ് കോവിന്ദ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ആശംസ നേര്‍ന്നത്.

യേശുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ദിനത്തില്‍ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍. സ്നേഹം, ത്യാഗം, സഹനം എന്നീ പാതകള്‍ പിന്തുടരാന്‍ ഈസ്റ്റര്‍ ദിനം നമുക്ക് പ്രചോദനം ആകും. ആഗോള മനുഷ്യസമൂഹത്തിന്റെ നന്മയ്ക്കായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഈസ്റ്റര്‍ ദിനം നമുക്ക് പ്രചോദനം ആകട്ടെയെന്നും രാംനാഥ് കോവിന്ദ് പറഞ്ഞു.

ഈ ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്തു ദേവന്റെ ചിന്തകളും, ആശയങ്ങളും നമുക്ക് ഒരിക്കല്‍ കൂടി ഓര്‍ക്കാമെന്ന് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.   

ഈ ദിനത്തില്‍ സാമൂഹിക നീതി, സഹനം എന്നീ മൂല്യങ്ങളെ ഉയര്‍ത്തിക്കാട്ടാം. ഈ സന്തോഷവും, സാഹോദര്യവും രാജ്യത്തെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹവും ആശംസകള്‍ പങ്കുവെച്ചത്.

 

 

 

 

രാഷ്ട്രപതിയ്ക്കും, പ്രധാനമന്ത്രിയ്ക്കും പുറമേ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ക്രിസ്തുദേവന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഈസ്റ്റര്‍ ദിനത്തില്‍ ഏവര്‍ക്കും ആശംസകള്‍. സ്നേഹമെന്നത് വെറുപ്പിനേക്കാള്‍ ശക്തിയുള്ളതാണെന്നും, എല്ലാക്കാലത്തും തിന്മയ്ക്ക് മേല്‍ നന്മ വിജയം നേടുമെന്നുമുള്ള ഓര്‍മ്മപ്പെടുത്തല്‍ ആണ് ഈസ്റ്റര്‍. എല്ലാവര്‍ക്കും ഒത്തൊരുമിച്ച് ഈ ഈസ്റ്റര്‍ ദിനം ആഘോഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.