Friday, April 26, 2024
keralaNews

ജനസേവന കേന്ദ്രത്തിന്റെ മറവില്‍ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച്; മലപ്പുറത്ത് രണ്ട് പേര്‍ പിടിയില്‍

മലപ്പുറം: മലപ്പുറത്ത് ജനസേവന കേന്ദ്രത്തിന്റെ മറവില്‍ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് നടത്തിയ രണ്ട് പേര്‍ പിടിയില്‍. മലപ്പുറം തിരൂരങ്ങാടിയില്‍ നിന്നാണ് ഇരുവരും പിടിയിലായത്. ജനസേവന കേന്ദ്രത്തിന്റെയും പലച്ചരക്കുകടയുടെയും മറവിലായിരുന്നു സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിപ്പിച്ചിരുന്നത്.

പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തിരൂരങ്ങാടി വെന്നിയൂരിലെ സേവന കേന്ദ്രത്തിലും അറയ്ക്കലിലെ പലച്ചരക്ക് കടയിലും അതിനോട് ചേര്‍ന്ന കെട്ടിടത്തിലും നടത്തിയ റെയ്ഡില്‍ സമാന്തര ടെലഫോണ്‍ എക്സ്‌ചേഞ്ചിന് വേണ്ട ഉപകരണങ്ങള്‍ പിടിച്ചെടുത്തു.

തെന്നല അറക്കല്‍ കുന്നാന്തറ മുഹമ്മദ് സുഹൈലും, സഹായിയായ ചുള്ളിപ്പാറ കൊടക്കല്ല് സ്വദേശി ചെനക്കല്‍ നിയാസുദ്ദീനുമാണ് സംഭവത്തില്‍ അറസ്റ്റിലായത്. 60-ഓളം സിം കാര്‍ഡുകള്‍, രണ്ട് കമ്പ്യൂട്ടറുകള്‍, രണ്ട് ലാപ്‌ടോപ്പുകള്‍, മൂന്ന് സിം ബോക്സുകള്‍, എട്ട് മൊബൈല്‍ഫോണുകള്‍ എന്നിവ റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ പരപ്പനങ്ങാടി ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതി മുമ്പാകെ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.