Tuesday, May 7, 2024
indiaNews

ബോക്‌സിങ് റിങ്ങില്‍ ഇന്ത്യ മെഡലിനരികെ; പൂജാ റാണി ക്വാര്‍ട്ടറില്‍

ടോക്കിയോ ഒളിംപിക് ബോക്‌സിങ് റിങ്ങില്‍നിന്ന് ഇന്ത്യയ്ക്കു വീണ്ടും സന്തോഷ വാര്‍ത്ത. വനിതാ മിഡില്‍ വെയ്റ്റ് വിഭാഗത്തില്‍ (75 കിലോഗ്രാം) ഇന്ത്യയുടെ പൂജാ റാണി ക്വാര്‍ട്ടറിലെത്തി. അല്‍ജീരിയയുടെ ഇച്‌റാക് ചായ്ബിനെ 50നു തകര്‍ത്താണു പൂജ ക്വാര്‍ട്ടറിലേക്കു മാര്‍ച്ച് ചെയ്തത്. ക്വാര്‍ട്ടറില്‍ ജയിക്കാനായാല്‍ പൂജയ്ക്കു വെങ്കല മെഡല്‍ ഉറപ്പിക്കാം. വനിതാ വിഭാഗം 69 കിലോഗ്രാമില്‍ മറ്റൊരു ഇന്ത്യന്‍ താരമായ ലവ്ലിന ബോര്‍ഗോഹെയ്‌നും നേരത്തേ ക്വാര്‍ട്ടറില്‍ എത്തിയിരുന്നു.

ഭൂട്ടാന്‍ താരം കര്‍മയ്‌ക്കെതിരായ ആധികാരിക ജയത്തോടെ ഇന്ത്യയുടെ ലോക ഒന്നാം നമ്പര്‍ താരം ദീപിക കുമാരി ആര്‍ച്ചറി വ്യക്തിഗത വനിതാ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയിട്ടുണ്ട്. ആര്‍ച്ചറി പുരുഷ വിഭാഗം ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ പ്രവീണ്‍ ജാദവ് യൂഎസ്എയുടെ ബ്രാഡി എല്ലിസനോടു ക്വാര്‍ട്ടറില്‍ കീഴടങ്ങി.ബാഡ്മിന്റന്‍ വനിതാ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായ പി.വി. സിന്ധു തകര്‍പ്പന്‍ വിജയത്തോടെ പ്രീക്വാര്‍ട്ടറില്‍ കടന്നു. ഹോങ്കോങ്ങിന്റെ ഷാങ് ഗ്യാന്‍യിയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു തോല്‍പ്പിച്ചത്. സ്‌കോര്‍: 219, 2116.

അതേസമയം, വനിതാ ഹോക്കിയില്‍ ഇന്ത്യന്‍ ടീം തുടര്‍ച്ചയായ മൂന്നാം തോല്‍വി വഴങ്ങി. ഇന്നു നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ബ്രിട്ടനോടാണ് ഇന്ത്യന്‍ വനിതകള്‍ തോറ്റത്. ബ്രിട്ടനു വേണ്ടി ഹന്ന മാര്‍ട്ടിന്‍ ഇരട്ടഗോള്‍ നേടി. 2, 19 മിനിറ്റുകളിലായിരുന്നു ഹന്നയുടെ ഗോളുകള്‍. ലില്ലി ഓസ്ലി (41), ഗ്രെയ്‌സ് ബാള്‍സ്ഡന്‍ (57) എന്നിവരുടെ വകയാണ് മറ്റു ഗോളുകള്‍. ഇന്ത്യയുടെ ആശ്വാസഗോള്‍ 23ാം മിനിറ്റില്‍ ഷര്‍മിളാ ദേവി നേടി. ആദ്യ മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ ടീമായ നെതര്‍ലന്‍ഡ്‌സിനോട് ഇന്ത്യ 51ന് തോറ്റിരുന്നു. രണ്ടാം മത്സരത്തില്‍ ജര്‍മനിയോട് 20നും തോറ്റു.