Monday, May 6, 2024
indiaNews

ഭര്‍ത്താവിന്റെ മൃതദേഹം വീട്ടിലെ കിടപ്പുമുറിയില്‍ കുഴിച്ചിട്ട നിലയില്‍ : ഭാര്യ അറസ്റ്റില്‍.

ലക്‌നൗവില്‍ കാണാതായ യുവാവിന്റെ മൃതദേഹം വീട്ടിലെ കിടപ്പുമുറിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരിലാണ് സംഭവം. ഗോവിന്ദ് സിങ് (30) എന്ന കര്‍ഷകനെ ഭാര്യ ശില്‍പയാണ് (27) കുഴിച്ചു മൂടിയത്. വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ ഗോവിന്ദിന്റെ സഹോദരന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് സംഭവം പുറംലോകം അറിയുന്നത്.

ഗോവിന്ദ് സിങ് ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരിലെ ഖമാരിയ ഗ്രാമത്തില്‍ ഭാര്യ ശില്‍പയ്ക്കും മൂന്നു മക്കള്‍ക്കും ഒപ്പമാണ് താമസിച്ചിരുന്നത്. ഓഗസ്റ്റ് 7ന് തന്നോടു വഴക്കിട്ട ഭര്‍ത്താവ് തൂങ്ങിമരിച്ചുവെന്നാണ് ശില്‍പ പൊലീസിനോടു പറഞ്ഞത്. വിവരം പുറത്തറിയുമെന്നു ഭയന്നാണ് താന്‍ മൃതദേഹം വീടിനുള്ളില്‍ കുഴിച്ചിട്ടതെന്നും കുട്ടികള്‍ക്കൊന്നും ഇതേക്കുറിച്ച് അറിയില്ലെന്നും ശില്‍പ പൊലീസിനോടു പറഞ്ഞു.

എന്നാല്‍, ശില്‍പയുടെ മൊഴിയില്‍ തൃപ്തരല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവ ദിവസം രാത്രി അച്ഛന്‍ അമ്മയുമായി വഴക്കിടുന്നതു കണ്ടെന്ന് ശില്‍പയുടെയും ഗോവിന്ദിന്റെയും മൂത്ത മകള്‍ പൊലീസിനു മൊഴി നല്‍കി. മൃതദേഹം കുഴിച്ചിടുന്നതിനായി ശില്‍പ മറ്റാരുടെയോ സഹായം തേടിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ പൊലീസ് വിശദ അന്വേഷണം നടത്തിവരികയാണ്.