Friday, May 10, 2024
keralaNewspolitics

ജനങ്ങള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക; പിണറായി വിജയന്‍

ജനങ്ങള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനത്തിന്റെ പിന്തുണയാണ് സര്‍ക്കാരിന്റെ കരുത്തെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് കാലത്ത് കേരളം വേറിട്ടുനില്‍ക്കുന്നത് പ്രതിരോധം ജന പങ്കാളിത്തമുള്ള പ്രക്രിയയായി മാറ്റിയെടുത്തത് കൊണ്ടാണ്. കേരളത്തിന്റെ പുരോഗതിയ്ക്ക് അടിത്തറ പാകിയ വന്‍കിട പദ്ധതികള്‍ സാക്ഷാത്കരിക്കുന്നതിനും ജനം പൂര്‍ണ പിന്തുണ നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.
സമാധാനപരമായ ജീവിതമാണ് ജനം ആഗ്രഹിക്കുന്നത്. അതിന് ആര് സന്നദ്ധമാകുന്നുവോ അവര്‍ക്കൊപ്പമായിരിക്കും ജനം എന്ന് കൂടി തെരഞ്ഞെടുപ്പ് ഫലം ഓര്‍മ്മിപ്പിക്കുന്നു. അതിനെ മറികടക്കാന്‍ ജാതി-മത വികാരം വലിയ തോതില്‍ കുത്തിപ്പൊക്കിയാല്‍ അതിനോടൊപ്പം നില്‍ക്കാന്‍ ജനം തയ്യാറാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.