Saturday, April 27, 2024
keralaNewsObituary

2012ല്‍ ബ്രെയിന്‍ ട്യൂമറെന്ന് കണ്ടെത്തി; തളരാത്ത ക്യാന്‍സര്‍ പോരാളിയായി ശരണ്യ

ക്യാന്‍സറിനോട് പൊരുതി ജീവിതത്തിലേയ്ക്ക് തിരിച്ചുവരികയായിരുന്നു നടി ശരണ്യ ശശി. അര്‍ബുദ ബാധയെത്തുടര്‍ന്ന് 11 തവണ സര്‍ജറിക്ക് വിധേയയായിരുന്നു. തുടര്‍ ചികില്‍സയ്ക്കു തയാറെടുക്കുന്നതിനിടെയാണ് ശരണ്യയ്ക്ക് കൊവിഡ് ബാധിച്ചത്. ഇതോടെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായി.മേയ് 23നാണ് ശരണ്യയെ കൊവിഡ് ബാധിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരമായതിനു പിന്നാലെ വെന്റിലേറ്റര്‍ ഐസിയുവിലേക്കു മാറ്റിയിരുന്നു. സ്ഥിതി പിന്നീടു വഷളാവുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു ശരണ്യയുടെ അന്ത്യം.

സീരിയലുകളിലൂടെ നാടന്‍ വേഷങ്ങളില്‍ എത്തി മലയാളീപ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമായിരുന്നു ശരണ്യ. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ചെറിയ തലവേദനയുടെ രൂപത്തിലാണ് ശരണ്യയെ തേടി ട്യൂമര്‍ എത്തുന്നത്. ഒരു സീരിയല്‍ ചെയ്തുകൊണ്ടിരുന്ന സമയത്താണ് ഭയങ്കരമായ തലവേദന വരുന്നത്. ഡോക്ടറെ കാണിച്ചശേഷം മൈഗ്രേയ്നിനുള്ള മരുന്ന് രണ്ട് മാസത്തോളം കഴിച്ചു. 2012ല്‍ ഷൂട്ടിങ് സെറ്റില്‍ കുഴഞ്ഞു വീണതിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണു ശരണ്യയ്ക്ക് ബ്രെയിന്‍ ട്യൂമര്‍ ആണെന്ന് കണ്ടെത്തിയത്.

പിന്നീട് തുടര്‍ച്ചയായ ചികിത്സയുടെ നാളുകളായിരുന്നു. ബ്രെയിന്‍ ട്യൂമറും തൈറോയ്ഡ് ക്യാന്‍സറുമായും ബന്ധപ്പെട്ട് 11 ശസ്ത്രക്രിയകള്‍ ആണ് നടത്തിയത്. പലപ്പോഴും ശസ്ത്രക്രിയ ചെയ്യാന്‍ ഒരു രൂപപോലും ഇല്ലാത്ത പ്രതിസന്ധിയിലായിരുന്നു താരം. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ പലയിടത്തുനിന്നും സഹായങ്ങളെത്തി. നടി സീമ ജി നായരാണ് ശരണ്യയുടെ ചികിത്സയ്ക്ക് എല്ലാവിധ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നത്. ചികിത്സയ്ക്കും വീട് വയ്ക്കാനും ശരണ്യയെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരുവാനും സീമയുണ്ടായിരുന്നു. ചെമ്പഴന്തി അണിയൂരിലെ ‘സ്നേഹസീമ’ എന്ന വീടു നിര്‍മിച്ചു നല്‍കിയത് സൗഹൃദകൂട്ടായ്മയായിരുന്നു. ഇതിനു പിന്നിലും സീമയുണ്ടായിരുന്നു. സീമ ജി നായോരോടുള്ള സ്നേഹത്തിന്റെ പേരിലാണ് വീടിനു ‘സ്നേഹസീമ’യെന്നു പേരിട്ടത്.