Friday, May 3, 2024
keralaNews

ചെങ്ങന്നൂര്‍ – പമ്പ റെയില്‍ പാതയ്ക്കായുള്ള സര്‍വേ ഉടന്‍

ചെങ്ങന്നൂര്‍ – പമ്പ റെയില്‍ പാതയ്ക്കായുള്ള ലിഡാര്‍ സര്‍വേ അടുത്താഴ്ച തുടങ്ങിയേക്കും. ജനവാസ മേഖലകളെ പരമാവധി ഒഴിവാക്കിയുള്ള ആകാശപാതയാണ് റെയില്‍വേ ഉദ്ദേശിക്കുന്നത്. അതേസമയം, ഇരുനൂറ് കോടിയിലധികം രൂപ ഇതിനോടകം ചെലവിട്ട ശബരി റെയില്‍ പദ്ധതി പുതിയ പാത വരുമ്പോള്‍ ഉപേക്ഷിക്കരുതെന്ന ആവശ്യവും ശക്തമാണ്.ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെയാണ് ചെങ്ങന്നൂര്‍ – പമ്പ പാതയുടെ പ്രാരംഭ അടയാളപ്പെടുത്തല്‍ നടത്തിയത്. മഴ മാറി കാലാവസ്ഥ അനുകൂലമായാല്‍, ലൈറ്റ് ഡിറ്റക്ഷന്‍ ആന്‍ഡ് റേഞ്ചിംഗ് സര്‍വേ അഥവാ ലിഡാര്‍ സര്‍വേ നടത്തും. 76 കിലോമീറ്റര്‍ ദൂരം വരുന്ന റെയില്‍പാതയുടെ 60 ശതമാനവും ആകാശപാതയാണ്. ടണല്‍ വഴി കടന്നുപോകുന്ന ഭാഗവുമുണ്ടാകും. മെട്രോ റെയില്‍ മാതൃകയിലാണ് പദ്ധതി ഉദ്ദേശിക്കുന്നത്. ചെങ്ങന്നൂരില്‍ തുടങ്ങി ആറന്മുള , കോഴഞ്ചേരി, കീക്കൊഴൂര്‍, വടശ്ശേരിക്കര, നിലയ്ക്കല്‍, അട്ടത്തോടും കടന്ന് പമ്പയിലെത്തും. 160 കിലോമീറ്റര്‍ വേഗതിയില്‍ അരമണിക്കൂര്‍ കൊണ്ട് യാത്ര. അതേസമയം, ചെങ്ങന്നൂര്‍ – പമ്പ പാതയ്ക്കുള്ള നടപടി വേഗത്തിലാകുമ്പോള്‍ ശബരി പദ്ധതി ഉപേക്ഷിക്കരുതെന്ന് ആവശ്യവും ശക്തമാണ്.ശബരിമല തീര്‍ത്ഥാടത്തിന് ഏറെ ഗുണകരമെന്ന രീതിയിലാണ് 9000 കോടി ചെലവ് പ്രതീക്ഷിക്കുന്ന ചെങ്ങന്നൂര്‍ – പമ്പ പാതയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്.