Sunday, May 5, 2024
indiaNews

ചരിത്ര നേട്ടത്തിന് പിന്നാലെ പി.വി. സിന്ധുവിന്റെ പിതാവ്.

ഒളിമ്പിക്‌സ് വനിത വിഭാഗം ബാഡ്മിന്റണില്‍ വെങ്കല മെഡല്‍ സ്വന്തമാക്കി പി.വി. സിന്ധു ചരിത്രം കുറിച്ചിരുന്നു.ടോക്യോയില്‍ ചൈനയുടെ ഹി ബിങ് ജിന്റാവോയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു തകര്‍ത്തത്.രണ്ടാം വ്യക്തിഗത ഒളിമ്പിക് മെഡല്‍ സ്വന്തമാക്കിയ സിന്ധു ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരവും ആദ്യ ഇന്ത്യന്‍ വനിതയുമാണ്. റിയോ ഒളിമ്പിക്‌സില്‍ വെള്ളിയായിരുന്നു സിന്ധു നേടിയത്.മകളുടെ മെഡല്‍ നേട്ടത്തില്‍ അതീവ സന്തുഷ്ടനായ പിതാവ് പി.വി. രമണ കോച്ച് പാര്‍ക് തേ സുങിന് നന്ദി പറഞ്ഞു.’അവളുടെ കോച്ച് പാര്‍ക്കിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം ഇതിനായി ഏറെ കഷ്ടപ്പെട്ടു. ഒളിമ്പിക് അസോസിയേഷന്‍, സര്‍ക്കാര്‍, സ്‌പോണ്‍സര്‍മാര്‍ എല്ലാവര്‍ക്കും നന്ദി. അവള്‍ രാജ്യത്തിനായി മെഡല്‍ നേടിയതില്‍ എനിക്ക് വളരെയേറെ സന്തോഷമുണ്ട്. അടുത്തടുത്ത ഒളിമ്പിക്‌സുകളില്‍ മെഡല്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയായി എന്റെ മകള്‍ മാറിയതില്‍ അതിയായ ആഹ്ലാദവാനാണ് ഞാന്‍’ -രമണ പറഞ്ഞു.ശനിയാഴ്ച തായ്‌വാന്റെ തായ് സു യിങിനോട് സെമിഫൈനലില്‍ തോറ്റതിന് പിന്നാലെ സിന്ധു സങ്കടത്തിലായിരുന്നു.ശനിയാഴ്ച സിന്ധുവുമായി ഫോണില്‍ ബന്ധപ്പെട്ട രമണ തനിക്കായി വെങ്കല മെഡല്‍ നേടിയെടുക്കണമെന്ന് മകളോട് ആവശ്യപ്പെടുകയായിരുന്നു. ചൈനക്കാരിയായ എതിരാളിയുടെ വിഡിയോകള്‍ കാണിച്ച് മത്സരത്തിന് നന്നായി ഒരുങ്ങാനും രമണ സഹായിച്ചു.

‘ഇന്നലെ ഞാന്‍ അവളുമായി സംസാരിച്ചിരുന്നു…വിജയിച്ച് വരാന്‍ പറഞ്ഞു… എനിക്ക് വേണ്ടി ജയിക്കണമെന്ന് പറഞ്ഞു. കഴിഞ്ഞ ദിവസം മകള്‍ നല്ല സങ്കടത്തിലായിരുന്നു.തുടര്‍ച്ചയായി മത്സരങ്ങള്‍ കളിക്കുന്നതിനാല്‍ ഹി ബിങ് ജിന്റാവോക്ക് അധിക സമയം പിടിച്ചു നില്‍ക്കാനാകില്ലെന്ന് പറഞ്ഞു. എതിരാളിയെ കുറിച്ച് പഠിക്കാനായി വിഡിയോകള്‍ അയച്ച് കൊടുത്തു. എല്ലാത്തിലും ഉപരി അവള്‍ നല്ല അക്രമണോത്സുകതയോടെയാണ് കളിച്ചത്’ -രമണ പറഞ്ഞു.ആഗസ്റ്റ് മൂന്നിനാണ് സിന്ധു ഡല്‍ഹിയില്‍ തിരികെ വിമാനമിറങ്ങുന്നത്. സിന്ധു അടുത്ത ഒളിമ്പിക്‌സിലും മാറ്റുരക്കുമെന്ന് രമണ ആത്മവിശ്വാസം പ്രകടിപ്പിച്ചു.