Friday, May 17, 2024
indiaNewsworld

ഗുരുദ്വാരയിലെ ഐഎസ് ഭീകരാക്രമണം; വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥസാഹിബ് സുരക്ഷിതമായി പുറത്തെത്തിച്ചു

കാബൂള്‍: അഫ്ഗാനിലെ ഗുരുദ്വാരയില്‍ നടന്ന ഐഎസ് ഭീകരാക്രമണത്തിന് പിന്നാലെ കര്‍തേ പര്‍വാണില്‍ നിന്നും വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥസാഹിബ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.                                                                                                     

ആക്രമണം സംഭവിച്ചതിന് പിന്നാലെ കത്തിപ്പടര്‍ന്ന ഗുരുദ്വാരയുടെ അകത്ത് സാഹസീകമായി കടന്നാണ് വിശുദ്ധഗ്രന്ഥം പുറത്തെത്തിച്ചത്. തുടര്‍ന്ന് ഗുര്‍നാം സിംഗിന്റെ വസതിയില്‍ ഗുരുഗ്രന്ഥസാഹിബ് എത്തിച്ചു.

ഇന്ത്യന്‍ സമയം രാവിലെ എട്ടരയോടെയായിരുന്നു അഫ്ഗാനിലെ കാബൂളില്‍ ഐഎസ് ഭീകരാക്രമണം ഉണ്ടായത്.

കാബൂളിലെ ഗുരുദ്വാരയായ കര്‍തേ പര്‍വാണില്‍ അതിക്രമിച്ച് കയറിയ ഭീകരര്‍ ഇരട്ടസ്ഫോടനം നടത്തുകയും അകത്തുണ്ടായിരുന്ന വിശ്വാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു.

ഗുരുദ്വാരയുടെ സുരക്ഷാ ജീവനക്കാരനായ സാവിന്ദര്‍ സിംഗും (60) മറ്റ് ചില സിഖുകാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം. മൂന്ന് താലിബാന്‍ പോരാളികള്‍ക്ക് ഉള്‍പ്പെടെ പലര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ഇസ്ലാമിക് സ്റ്റേറ്റിന്റെ ഖൊരാസന്‍ വിഭാഗമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തില്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്ന് ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.