Saturday, May 18, 2024
keralaNews

പരിശോധനയ്ക്കിടെ പിടിച്ചെടുത്ത നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ മറിച്ചുവിറ്റതിന് രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.

മലപ്പുറം കോട്ടക്കലില്‍ പരിശോധനയ്ക്കിടെ പിടിച്ചെടുത്ത നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ മറിച്ചുവിറ്റതിന് രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ രജീന്ദ്രന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സജി.അലക്‌സാണ്ടര്‍ എന്നിവരെയാണ് സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന് പിന്നാലെ രണ്ട് ഉദ്യോഗസ്ഥരേയും പൊലീസ് അറസ്റ്റ് ചെയ്തു.കോട്ടക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ഏതാനും മാസം മുന്‍പാണ് 20 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നമായ ഹാന്‍സ് പിടികൂടിയത്. വാഹനവും പിടിച്ചെടുത്തിരുന്നു. പിന്നീട് കോടതി നടപടിക്രമങ്ങള്‍ക്കിടെ വാഹനം വിട്ടുനല്‍കി. അതോടൊപ്പം പിടിച്ചെടുത്ത ഹാന്‍സ് നശിപ്പിക്കാനും തീരുമാനമായി. പക്ഷേ ഹാന്‍സ് കാണാതായി.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഹാന്‍സ് ഒന്നര ലക്ഷം രൂപയ്ക്ക് പൊലീസുകാര്‍ മറിച്ചുവിറ്റെന്ന് കണ്ടെത്തിയത്. പൊലീസുകാര്‍ ഹാന്‍സ് മറിച്ചുവില്‍ക്കാന്‍ ഒരു ഏജന്റുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. തെളിവുകള്‍ ലഭിച്ചതോടെ ഇരുവരെയും സസ്‌പെന്റ് ചെയ്ത ശേഷം അറസ്റ്റും രേഖപ്പെടുത്തി.