Friday, May 17, 2024
keralaNewsObituary

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യുവാക്കള്‍ മരിച്ച സംഭവം; ഡ്രൈവര്‍ മനപൂര്‍വം അപകടമുണ്ടാക്കിയതാണെന്ന് കുറ്റപത്രം

പാലക്കാട്: പാലക്കാട് കുഴല്‍മന്ദത്ത് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യുവാക്കള്‍ മരിച്ച സംഭവത്തില്‍ അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഡ്രൈവര്‍ ഔസേപ്പ് മനപൂര്‍വം അപകടമുണ്ടാക്കിയതാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

പാലക്കാട് സെഷന്‍സ് കോടതിയിലാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്.

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാക്കള്‍ മരിക്കാന്‍ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും ബസ് വലത്തോട്ട് വെട്ടിച്ചു. റോഡിന്റെ ഇടതു വശത്ത് ബസിന് പോകാന്‍ ഇടം ഉണ്ടായിരുന്നു.

എന്നല്‍ ഡ്രൈവര്‍ മനപൂര്‍വം വലത്തോട്ട് വെട്ടിച്ചതാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

പാലക്കാട് ഡിവൈഎസ്പി എന്‍ സുകുമാരന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘമാണ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. അതേസമയം നീതി ലഭിക്കുമെന് ഇപ്പോള്‍ പ്രതീക്ഷയുണ്ടെന്ന് മരിച്ച ആദര്‍ശിന്റെ അച്ഛന്‍ മോഹനന്‍ പറഞ്ഞു. അന്വേഷണ സംഘത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും മോഹനന്‍ വ്യക്തമാക്കി.

കഴിഞ്ഞ ഫെബ്രുവരി ഏഴിനാണ് കുഴല്‍മന്ദത്തിന് അടുത്ത് വെള്ളപാറയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് കാവശ്ശേരി സ്വദേശി ആദര്‍ശ്, കാസര്‍കോട് സ്വദേശി സാബിത്ത് എന്നിവര്‍ മരിച്ചത്.

അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറകെ വന്ന കാറിന്റെ ഡാഷ്ബോര്‍ഡില്‍ പതിഞ്ഞതാണ് കെഎസ്ആര്‍ടിസി ഡ്രൈവറുടെ വീഴ്ച പുറംലോകത്ത് എത്തിച്ചത്.