Friday, May 3, 2024
keralaNews

ഗീതാ മന്ദിര്‍ ആശ്രമം മഠാധിപതി സ്വാമി വേദാനന്ദ സരസ്വതി സമാധിയായി

കോട്ടയം; ളാക്കാട്ടൂര്‍ ഗീതാ മന്ദിര്‍ ആശ്രമം മഠാധിപതി സ്വാമി വേദാനന്ദ സരസ്വതി (76) സമാധിയായി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചിന്മയ മിഷനില്‍ ആയിരുന്നു ആദ്യകാല പ്രവര്‍ത്തനം. 1999 മുതല്‍ ഹിന്ദു മാര്‍ഗ്ഗ ദശക്മണ്ഡല്‍ ജനറല്‍ കണ്‍വീനര്‍ ആയും 2003 മുതല്‍ 2010 വരെ മണ്ഡലിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു.45 വര്‍ഷത്തിലേറെയായി കേരളത്തിന്റെ ആദ്ധ്യാത്മിക നവോത്ഥാനം ഉന്നമിട്ട് എല്ലാ സംഘടനകളേയും ഏകോപിപ്പിച്ച് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവന്നിരുന്നു. റാന്നി ഹിന്ദു മത പരിഷത്തിന്റേയും നീര്‍വിളാകം (ചെങ്ങന്നൂര്‍ ) ഹൈന്ദവ സേവാ സമിതിയുടെയും രക്ഷാധികാരിയാണ്. കേരളത്തിലെ ഒട്ടുമിക്ക ധര്‍മ്മ സംഘടനകളുടേയും മുഖ്യ ഉപദേശകനായും പ്രവര്‍ത്തിച്ചു. ചെറുകോല്‍പ്പുഴ ഹിന്ദു മത പരിഷത്തിലെ സ്ഥിരംസാന്നിധ്യമായിരുന്ന അദ്ദേഹം തൊടുപുഴ, പുത്തന്‍കാവ്, ചെങ്ങന്നൂര്‍, പെരുവ എന്നീ സ്ഥലങ്ങളില്‍ ആശ്രമം സ്ഥാപിച്ച് ഹിന്ദു സംഘടനകള്‍ക്ക് ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. 2018 മുതല്‍ ളാക്കാട്ടൂര്‍ ഗ്രാമത്തില്‍ ചെറിയൊരു ആശ്രമം പുതിയതായി സ്ഥാപിച്ച് ജപധ്യാന അനുഷ്ഠാനം ചെയ്തു വരികയായിരുന്നു. രാജ്യാന്തര ഭഗവത്ഗീതാ ആചാര്യനായ സ്വാമി ചിന്മയാനന്ദ സരസ്വതിയുടെ ശിഷ്യനാണ്. മുഖ്യ ശിഷ്യയായ ശാരദാനന്ദ സരസ്വതിയാണ് പരിചരിച്ചിരുന്നത്.