Sunday, April 28, 2024
EntertainmentkeralaNews

ഗാന്ധി കുടുംബങ്ങളിലെ മരണങ്ങള്‍ സേതുരാമയ്യരുടെ സിബിഐ 5 ടീസര്‍ പുറത്ത്

കൊച്ചി: മലയാളികള്‍ ഏറെ കാലമായി കാത്തിരുന്ന മമ്മൂട്ടി ചിത്രം സിബിഐ 5 ദി ബ്രെയിന്‍ ടീസര്‍ പുറത്തുവിട്ടു. സൈന മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്. ഒരു പോലീസ് സ്റ്റേഷനിലെ രംഗങ്ങളിലൂടെയാണ് ടീസര്‍ ആരംഭിക്കുന്നത്.

മമ്മൂട്ടിയുടെ ശബ്ദമാണ് പശ്ചാത്തലത്തില്‍.ഇന്ദിരാ ഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും സഞ്ജയ് ഗാന്ധിയുടേയും മരണത്തെ പറ്റി പറഞ്ഞ് മുന്നോട്ട് നീങ്ങുന്ന ടീസര്‍ നമുക്കറിയുന്നതിലും അപ്പുറമുണ്ടോ ആ മരണങ്ങളില്‍ പൊതുവായ എന്തെങ്കിലും ഘടകങ്ങള്‍ – ശത്രു തുടങ്ങിയ ചോദ്യങ്ങള്‍ എറിഞ്ഞാണ് ടീസര്‍ മുന്നോട്ട് നീങ്ങുന്നത്.

ടീസറില്‍ കഥയുടെ ഒരു ചെറിയ സൂചന പോലും ഇല്ല എന്നത് പ്രേക്ഷകര്‍ക്കുള്ളില്‍ സേതുരാമനും കൂട്ടരും ഉദ്വേഗജനകമായ കേസ് അന്വേണമാണ് നടത്തുന്നതെന്ന് വ്യക്തമാക്കുന്നു.ടീസറിന്റെ അവസാന സീനുകളില്‍ രഹസ്യം ഒളിപ്പിച്ച ചിരിയുമായി മമ്മൂട്ടി ഇരിക്കുമ്പോള്‍ സസ്പെന്‍സ് നിറഞ്ഞ ഒരു ചിത്രമാണ് പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നതെന്ന് കണക്കുകൂട്ടാം.

സുദേവ് നായര്‍, സായികുമാര്‍,ആശാ ശരത്ത്, മുകേഷ്,പിഷാരടി, ദിലീഷ് പോത്തന്‍ എന്നിവരേയെല്ലാം ടീസറില്‍ കാണം. ചിത്രത്തിന്റെ റിലീസും ഉടനുണ്ടാകുമെന്നാണ് സൂചനകള്‍.
എന്‍എസ് സ്വാമിയുടെ തിരക്കഥയില്‍ കെ മധുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിബിഐയുടെ ഐക്കണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്, എഡിറ്റിങ് ശീകര്‍ പ്രസാദ്.

ആശാ ശരത്താണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. നീണ്ട ഇളവേളയ്ക്ക് ശേഷം ജഗതി ശ്രീകുമാര്‍ വീണ്ടും സിനിമയിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മുകേഷ്, രണ്‍ജി പണിക്കര്‍, സായ് കുമാര്‍ എന്നിവര്‍ക്കൊപ്പം വലിയ താരനിരയാണ് ചിത്രത്തില്‍ സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. 1988ല്‍ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് സിബിഐ സീരീസ് ആരംഭിച്ചത്. തുടര്‍ന്ന് ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ സിനിമകളും ഈ സീരീസിലേതായി പുറത്തിറങ്ങി.