Sunday, May 5, 2024
educationkeralaNews

ഗവര്‍ണര്‍ വിസിമാരെ പുറത്താക്കി

തിരുവനന്തപുരം: സംസ്‌കൃത, കാലിക്കറ്റ് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുറത്താക്കി. കാലിക്കറ്റ് വിസി ഡോ. എം കെ ജയരാജിനെയും സംസ്‌കൃത വിസി ഡോ. എം വി നാരായണനെയുമാണ് പുറത്താക്കിയത്. യുജിസി യോഗ്യത ഇല്ലാത്തത്തിന്റെ പേരിലാണ് ഗവര്‍ണറുടെ നടപടി.

ഡിജിറ്റല്‍, ഓപ്പണ്‍ സര്‍വകലാശാല വിസിമാരെ പുറത്താക്കുന്നതില്‍ യുജിസിയുടെ അഭിപ്രായവും രാജ്ഭവന്‍ തേടിയിട്ടുണ്ട്. രാജ്ഭവനില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ ചായകുടിച്ച് കുശലാന്വേഷണം നടത്തിയത് മഞ്ഞുരുകലായി ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പോരില്‍ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കിയാണ് ചാന്‍സലര്‍ രണ്ട് വിസിമാരെ പുറത്താക്കിയത്. കെടിയു വിസിയായിരുന്ന ഡോ. രാജശ്രീയെ യുജിസി യോഗ്യതയില്ലാത്തതിന്റെ പേരില്‍ സുപ്രീംകോടതി പുറത്താക്കിയിരുന്നു.

ഇതിന് പിന്നാലെ വിധി അടിസ്ഥാനമാക്കി 11 വിസിമാരെയും പുറത്താക്കാന്‍ ഗവര്‍ണര്‍ നടപടി തുടങ്ങിയിരുന്നു. കോടതി പുറത്താക്കിയും കാലാവധി കഴിഞ്ഞവര്‍ക്കും ശേഷം ബാക്കിയുണ്ടായ നാല് പേരില്‍ രണ്ട് പേര്‍ കൂടി ഇപ്പോള്‍ പുറത്താണ്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ഹിയറിങ് നടത്തിയാമണ് നടപടി. കാലിക്കറ്റ് വിസി ഡോ. എം കെ ജയരാജിന് വിനയായത് സര്‍ച്ച് കമ്മിറ്റിയില്‍ സര്‍ക്കാര്‍ പ്രതിനിധിയായി ചീഫ് സെക്രട്ടരി ഉണ്ടായത്. ഒറ്റപ്പേര് മാത്രം നിര്‍ദ്ദേശിച്ചതാണ് സംസ്‌കൃത വിസി ഡോ എംവി നാരായണനെ കുരുക്കിയത്.

ഡിജിറ്റില്‍ വി സി സജി ഗോപിനാഥിന്റെയും ഓപ്പണ്‍ വിസി മുബാറക് പാഷയുടേയും കാര്യത്തില്‍ യുജിസിയുടെ അഭിപ്രായം തേടി രാജ്ഭവന്‍. ഹിയറങ്ങിന് മുമ്പ് മുബാറക് പാഷ രാജിവെച്ചെങ്കിലും ഗവര്‍ണര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. ചാന്‍സിലറെ മാറ്റാനുള്ള ബില്‍ രാഷ്ട്രപതി തള്ളിയതോടെ പൂര്‍വ്വാധികം ശക്തിയിലാണ് ആരിഫ് മുഹമ്മദ് ഖാന്റെ നീക്കം. ഒഴിവുള്ള സര്‍വകലാശാലകളില്‍ സ്വന്തം നിലയ്ക്ക് സെര്‍ച്ച് കമ്മിറ്റിയെ വെച്ച് വിസി നിയമനവുമായും ഇനി ചാന്‍സലര്‍ മുന്നോട്ട് പോകും.