Monday, May 13, 2024
keralaNewspolitics

ഗവര്‍ണര്‍ക്ക് കേന്ദ്രസേന അദ്ദേഹത്തിന് സുരക്ഷ ഒരുക്കും; കേന്ദ്രമന്ത്രി വി. മുരളീധരന്‍

കൊല്ലം: ഗവര്‍ണറെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും – ഗവര്‍ണറെ വഴിതടയുമ്പോള്‍ പൊലീസ് നോക്കിനില്‍ക്കുകയാണെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍. അഴിമതിക്ക് കൂട്ടുനില്‍ക്കാത്ത ഗവര്‍ണറെ അപായപ്പെടുത്താന്‍ ശ്രമം തുടരുകയാണ്. കേരള പൊലീസിനെ ആശ്രയിച്ച് നില്‍ക്കേണ്ട ആവശ്യം ഗവര്‍ണര്‍ക്കില്ല. കേന്ദ്രസേന അദ്ദേഹത്തിന് സുരക്ഷ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലമേലില്‍ പോലീസിനെ വെട്ടിച്ച് ഗവര്‍ണറുടെ കാറിന് മുന്നിലേക്ക് പാഞ്ഞടുത്ത എസ്എഫ്‌ഐ ഗുണ്ടകളെയാണ് അദ്ദേഹം വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി നേരിട്ടത്.

പോലീസിനെ നോക്കുകുത്തിയാക്കിയാണ് എസ്എഫ്‌ഐക്കാര്‍ ഗവര്‍ണറുടെ വാഹന വ്യൂഹത്തിന് മുന്നിലേക്ക് ചാടി വീണത്. ഇതോടെയാണ് ഗവര്‍ണര്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങിയത്. ഗവര്‍ണര്‍ എടുക്കുന്ന നിലപാട് ശരിയാണെന്ന് ചിന്തിക്കുന്നവരാണ് കേരത്തിലെ ജനങ്ങളെന്ന് വി.മുരളീധരന്‍ പറഞ്ഞു.ഗവര്‍ണറുടെ നിലപാട് ശരിയല്ലെന്ന് ചിന്തിക്കുന്നവര്‍ കേരളത്തിലെ സിപിഎമ്മുകാര്‍ മാത്രമാണ്. സ്വന്തക്കാര്‍ക്ക് മാത്രം ജോലി കൊടുക്കുന്നത് കൊണ്ട് സിപിഎമ്മിലെ സാധാരണക്കാര്‍ക്ക് പോലും ജോലി നഷ്ടപെടുകയാണ്. അവരുള്‍പ്പടെയുള്ള ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഇതുപോലൊരു ഗവര്‍ണറെയാണ്.

സ്വജനപക്ഷപാതത്തിനെതിരെ ഗവര്‍ണര്‍ നിലപാടെടുത്തപ്പോള്‍ ഇന്‍ഡി മുന്നണിയുടെ ഭാഗമായതിനാല്‍ ഗവര്‍ണര്‍ക്കെതിരെയാണ് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചത്. സര്‍ക്കാരിന് കൂട്ടുനില്‍ക്കുന്ന പ്രതിപക്ഷമാണുള്ളത്. ഭരണത്തില്‍ നിന്ന് അഴിമതി ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടത്തേണ്ടത് ഗവര്‍ണറുടെ ഉത്തരവാദിത്വമാണ്, അത് സുപ്രീംകോടതി അടക്കം ശരിവച്ചതാണ്.ഗവര്‍ണറെ വഴിയില്‍ തടയുകയും, വാഹനം മുന്നോട്ട് പോകാന്‍ കഴിയാതെ വരുമ്പോള്‍ അദ്ദേഹം വഴിയില്‍ ഇറങ്ങുകയുമാണ്.

പ്രതിഷേധിച്ച ആള്‍ക്കാരെ മുഖ്യമന്ത്രി എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് എല്ലാര്‍ക്കും അറിയാം. ഇവിടെ അങ്ങനെ എന്തെങ്കിലും കണ്ടോ. ഗവര്‍ണറുടെ വഴിയില്‍ തടസം നിന്ന് അദ്ദേഹത്തെ ഭീഷണിപ്പെടുത്താന്‍ ഗുണ്ടകളെ വിടുന്ന നീക്കമാണ് നിലമേലില്‍ നടന്നത്. മാദ്ധ്യമങ്ങളെ നേരത്തെ തന്നെ എങ്ങനെയാണ് അവിടെ എത്തിയത്. പോലീസിന്റെ ഇന്റലിജന്‍സ് വിഭാഗത്തിന് ഈ വിവരം മുന്‍കൂട്ടി അറിയാം എന്നത് വ്യക്തമാണ്. ആ അറിവ് ഉണ്ടായിട്ടും ഗവര്‍ണര്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറായില്ല. പിണറായി വിജയന്റെ കണ്ണൂര്‍ ശൈലിയാണ് ഇവിടെ നടക്കുന്നത്. വിയോജിക്കുന്നവരെ കായികമായി നേരിടുന്ന ശൈലി-വി.മുരളീധരന്‍ പറഞ്ഞു.