Monday, April 29, 2024
indiakeralaNews

ഗര്‍ഭഛിദ്രം; സുപ്രധാന വിധിയുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി :മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട് പരിധിയില്‍ നിന്ന് അവിവാഹിതരായ സ്ത്രീകളെ ഒഴിവാക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി. അവിവാഹിതര്‍ക്കും ഗര്‍ഭച്ഛിദ്രത്തിന് അവകാശമുണ്ടെന്നും സുരക്ഷിതവും നിയമപരവുമായ ഗര്‍ഭച്ഛിദ്രത്തിന് വൈവാഹിക നില പരിഗണിക്കേണ്ടതില്ലെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി നിയമം പ്രകാരം വിലയിരുത്തുമ്പോള്‍ ഭര്‍ത്താവില്‍നിന്ന് സമ്മതമില്ലാതെയുള്ള ലൈംഗികവേഴ്ചയും ബലാത്സംഗമെന്ന രീതിയില്‍ കണക്കിലെടുക്കാമെന്നും കോടതി വിലയിരുത്തി. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി നിയമത്തിന്റെ പരിധിയില്‍ ഇതും പീഡനത്തിന്റെ ഭാഗമായി കാണാനാകുമെന്നും കോടതി വിശദീകരിച്ചു. പ്രസവം സംബന്ധിച്ച അവകാശം സ്ത്രീയുടെ സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടും. നിലനില്‍പ്പിന് ഭ്രൂണം സ്ത്രീശരീരത്തെയാണ് ആശ്രയിക്കുന്നത്. അതിനാല്‍ ആ ശരീരത്തിനു തന്നെയാണ് അത് നിലനിര്‍ത്തണമോ എന്നതിലെ അധികാരം. വേണ്ടതില്ലാത്ത ഒരു ഗര്‍ഭം മുഴുവന്‍ കാലത്തേക്കും വഹിക്കണമെന്ന് ഒരു സ്ത്രീയോട് ഭരണകൂടത്തിന് നിര്‍ദ്ദേശിക്കാനാവില്ല. അത് സ്ത്രീയുടെ അന്തസ്സിനെ ഹനിക്കുന്നതാകും. കോടതി വ്യക്തമാക്കി.ഗര്‍ഭത്തിന്റെ 24 ആഴ്ച വരെയുള്ള കാലയളവില്‍ അവിവാഹിതര്‍ക്കും എംടിപി പ്രകാരം ഗര്‍ഭച്ഛിദ്രം നടത്താമെന്നും കോടതി വ്യക്തമാക്കി. എംടിപി പരിധിയില്‍ നിന്ന് അവിവാഹിതരെ ഒഴിവാക്കുന്നത് ലൈംഗിക ബന്ധം വിവാഹിതര്‍ക്കു മാത്രമായി പരിമിതപ്പെടുത്തുന്നതിനു തുല്യമാണെന്നും അത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി പറഞ്ഞു.
സുരക്ഷിതമായ ഗര്‍ഭച്ഛിദ്രം എല്ലാ സ്ത്രീകളുടെയും ഭരണഘടനാപരമായ അവകാശത്തിന്റെ പരിധിയില്‍ വരുന്നതാണ്. സ്വന്തം ശരീരത്തിനു മേലുള്ള പരമാധികാരം സ്ത്രീക്കു മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ നിയമപ്രകാരം അവിവാഹിതര്‍ക്ക് ഗര്‍ഭച്ഛിദ്രത്തിനുള്ള അനുമതി നല്‍കിയിരുന്നില്ല.