Friday, March 29, 2024
keralaNews

ഡോളര്‍ കടത്തു കേസില്‍ എം.ശിവശങ്കറിനെ ആറാം പ്രതിയാക്കി കസ്റ്റംസ് കുറ്റപത്രം.

കൊച്ചി :ഡോളര്‍ കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ആറാം പ്രതിയാക്കി കസ്റ്റംസ് കുറ്റപത്രം. സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറില്‍ ഉണ്ടായിരുന്നത് ശിവശങ്കറിന്റെ പണമായിരുന്നുവെന്നും കസ്റ്റംസ് കുറ്റപത്രത്തില്‍ പറയുന്നു. ലൈഫ് മിഷന്‍ പദ്ധതിയില്‍ ലഭിച്ച കമ്മിഷനാണ് ലോക്കറിലുണ്ടായിരുന്നത്. ശിവശങ്കര്‍ ഇന്റലിജന്‍സ് രഹസ്യങ്ങള്‍ സ്വപ്നയ്ക്ക് ചോര്‍ത്തിക്കൊടുത്തുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. യുഎഇ കോണ്‍സുലേറ്റ് മുന്‍ ഉദ്യോഗസ്ഥന്‍ ഖാലിദ് മുഹമ്മദ് അല്‍ ഷൗക്രിയാണ് ഒന്നാം പ്രതി.ഡോളര്‍ കടത്തില്‍ ശിവശങ്കറായിരുന്നു മുഖ്യ ആസൂത്രകനെന്നും ഡോളര്‍കടത്ത് മറച്ചുവച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. അന്വേഷണ സംഘം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ലൈഫ് മിഷന്‍ ഇടപാടില്‍ ശിവശങ്കറിന് ഒരുകോടി രൂപ കമ്മിഷന്‍ കിട്ടിയതായി കുറ്റപത്രത്തില്‍ പറയുന്നുണ്ട്. സ്വപ്നയുടെ ലോക്കറിലെ തുക ശിവശങ്കറിനു കിട്ടിയ കമ്മിഷനാണ്. കോണ്‍സുലേറ്റു വഴിയുള്ള ഇടപാടുകള്‍ ശിവശങ്കര്‍ അറിഞ്ഞിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു. മുഖ്യമന്ത്രിക്കു വേണ്ടി വിദേശ കറന്‍സി കടത്തിയെന്ന സ്വപ്നയുടെ മൊഴിയും കുറ്റപത്രത്തിലുണ്ട്.

വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതികളായ സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ളവരുമായുള്ള അടുപ്പം ചീഫ് സെക്രട്ടറിതല അന്വേഷണ സമിതി കണ്ടെത്തിയതിനെത്തുടര്‍ന്നു 2020 ജൂലൈ 17ന് ആണ് ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടി ആയിരുന്ന ശിവശങ്കറെ സസ്പെന്‍ഡ് ചെയ്തത്. 2022 ജനുവരിയില്‍ ശിവശങ്കറിനെ സര്‍വീസില്‍ തിരിച്ചെടുത്തു.